കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്നു ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം സിബിഐക്കു വിടുന്നതിലെ വീഴ്ച ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം. തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് സിബിഐക്ക് കത്തുനല്കുന്നതില് കാലതാമസം വരുത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് സര്‍ക്കാറിനെതിരേ രംഗത്ത് എത്തിയതോടെയാണ് സിബിഐക്കു കത്തുനല്കാനുള്ള നടപടിയുണ്ടായത്. വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ മൂന്നു വനിതാ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വന്നതും അതിനുശേഷമാണ്.സിദ്ധാര്‍ഥന്റെ മരണം നടന്നതുമുതല്‍ കേസന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായത്.
പ്രതികളെ അറസ്റ്റ്ചെയ്തതുതന്നെ ഏറെ വിവാദത്തിനുശേഷമാണ്. സര്‍ക്കാര്‍ സംവിധാനം പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തിനൊടുവിലാണ് എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനെട്ടു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം നേതാക്കള്‍ അവിടെ എത്തിയതും വിവാദമായിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാര്‍ഥന്റെ വീടു സന്ദര്‍ശിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നതും സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും. എന്നാല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഓഫീസിന് കേസ് സിബിഐക്കു കൈമാറുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സിബിഐ അന്വേഷണം ശിപാര്‍ശ െചയ്തുകൊണ്ടുള്ള വിജ്ഞാപനം ഈ മാസം ഒമ്പതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.
16ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെ്രകട്ടറി കത്തയച്ചെങ്കിലും തെറ്റുപറ്റി. കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് അയക്കേണ്ട കത്ത് ഇതുമായി ബന്ധമില്ലാത്ത കൊച്ചി സിബിഐ ഓഫീസിലേക്കാണ് അയച്ചത്. കത്തിനൊപ്പം കേസിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രൊഫോമയും ഉള്‍പ്പെടുത്തിയില്ല. സിദ്ധാര്‍ഥന്റെ പിതാവ് സര്ക്കാറിെനതിരേ സമരം നടത്തുമെന്നു പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നതും കത്തുമായി ഡിവൈഎസ്പി ഡല്‍ഹിയിലേക്കു തിരിച്ചതും.
വിജ്ഞാപനംവന്ന് 17 ദിവസമാണ് സര്‍ക്കാര്‍ സംവിധാനം നടപടിക്രമങ്ങള്‍ വൈകിപ്പിച്ചത്. ഇതിനിടയിൽ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്കും എസ്എഫ്ഐക്കും കഴിഞ്ഞുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
ഇതാണു തെരഞ്ഞെടുപ്പില്‍ ഉയർത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക വഴി മുഖ്യമന്ത്രിയിലേക്കു കുന്തമുന നീട്ടാനാണു പ്രതിപക്ഷം ആലോചിക്കുന്നത്.