തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സർക്കാരിനു വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ.
കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി.
അവർക്കെതിരേ നടപടി സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിനെ നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.