കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതാണ് കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്.
സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്കു വിട്ടത്. എന്നാല്‍ ഇതോടെ കേരള പോലീസ് ഏറെക്കുറെ അന്വേഷണത്തില്‍നിന്നു പിന്‍വാങ്ങിയ മട്ടാണ്.
സിബിഐ അന്വേഷണം പ്രഖ്യാപിച്ച ദിവസം പോലീസ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പോലീസ് പറയുന്നത്.
കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തിലും കുടുംബത്തിന് ആശങ്കയുണ്ട്. സിബിഐ എത്തുന്നതുവരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും സിദ്ധാർഥന്റെ കുടുംബം ആരോപിക്കുന്നു.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു മുന്‍പു സിദ്ധാർഥന് ക്രൂരമായ മർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു.
സംഭവത്തില്‍ എസ്എഫ്ഐ നേതാക്കാൾ ഉൾപ്പെടെയുള്ള വിദ്യാര്‍ഥികളാണു പിടിയിലായത്. സംഭവം വലിയ വിവാദമാകുകയും രാഷ്ട്രീയമായി എസ്എഫ്ഐയെയും സിപിഎമ്മിനെയും ഇതു പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.