തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പിതാവ്. മുഖ്യമന്ത്രിക്ക് തന്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിദ്ധാർഥന്റെ കുടുംബത്തിന്റെ വാ അടക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി ലഭിച്ചു എന്ന് താൻ തെറ്റിദ്ധരിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
സിദ്ധാർഥന്റെ കൊലപാതക കേസിൽ ഇപ്പോൾ യാതൊരു തരത്തിലുമുള്ള അന്വേഷണം നടക്കുന്നില്ല. പോലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ഇതുവരെയും തുടങ്ങിയിട്ടില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും പിതാവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്. വന്നപ്പോൾ ഉറപ്പ് കൂടി. ഞങ്ങളെ സഹായിക്കും എന്ന് അദ്ദേഹം വാക്ക് നൽകിയിട്ടുണ്ടെന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.
തത്കാലം മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ ആലോചിക്കുന്നില്ല. അദ്ദേഹം ഉറപ്പു തന്നിട്ടാണ് അന്ന് താൻ വിശ്വസിച്ചത്. അന്വേഷണം വഴിമുട്ടി എന്ന് പരാതി പറഞ്ഞിട്ടും ഭരണപക്ഷത്ത് നിന്ന് ആരും തന്നെ ഇതുവരെയും വിളിച്ചില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്ന് പറയുന്നില്ല. എന്നാൽ താൻ ചതിക്കപ്പെട്ടു എന്ന് സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു മുന്പു സിദ്ധാർഥന് ക്രൂരമായ മർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു.