കണ്ണൂർ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാനുള്ള ആസൂത്രിത നീക്കം തുടക്കം മുതൽ നടത്തിയെന്ന് കെഎസ്യു. രേഖകളിൽ ഉൾപ്പെടെയുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്ത് വന്നത്.
സിദ്ധാർഥന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അട്ടിമറി നടന്നു. അട്ടിമറി സംഭവങ്ങൾക്ക് പിന്നിൽ ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയാണ്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്നത് ആത്മഹത്യയാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നീക്കങ്ങൾ പോലീസിന്റെയും ഡീനിന്റെയും ഭാഗത്തുനിന്നുണ്ടായി.
സംഭവം നടന്ന ദിവസം വൈത്തിരി പോലീസ് സ്റ്റേഷനിൽ എടുത്ത എഫ്ഐആർ നമ്പർ 77/2024 ൽ തന്നെ അട്ടിമറി നീക്കത്തിനുള്ള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്ഐആറിൽ “ടിയാൻ ഏതോ മാനസിക വിഷമത്താൽ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടു’ എന്ന് രേഖപ്പെടുത്തിയതിൽതന്നെ ദുരൂഹതയുണ്ട്.
അതുപോലെതന്നെ എഫ്ഐആറിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം നടന്നത് ഉച്ചയ്ക്ക് 12.30നും 1.45 നും ഇടയിലാണെന്ന് വ്യക്തമാണ്. എന്നാൽ, സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ട് വൈകുന്നേരം 4.29നാണ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത് എന്ന എഫ്ഐആറിലെ വിവരവും സംശയം ജനിപ്പിക്കുന്നതാണ്.
പോലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽനിന്നു ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇതിനിടയിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ ഉദ്ദേശം 3.30 ന് കാമ്പസ് ഡീനിനെയും മറ്റു വിദ്യാർഥികളെയും വൈത്തിരി പോലീസ് സ്റ്റേഷനിൽ വച്ച് കാണുകയും ചെയ്തിട്ടുണ്ട്.
ആ സമയത്താണ് സംഭവം സിദ്ധാർഥന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽനിന്നും ഡീനിന് മനസിലാവുന്നത്. അതുപോലെതന്നെ ആത്മഹത്യയാണെന്ന മുൻവിധിയോട് കൂടിയുള്ള സമീപനമാണ് തുടക്കം മുതൽ കാമ്പസ് ഡീൻ എം.കെ. നാരായണൻ സ്വീകരിച്ചതും. കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫെബ്രുവരി 22 ന് ഡീൻ പുറത്തിറക്കിയ ഉത്തരവിലും ബോധപൂർവം തന്നെ സിദ്ധാർഥൻ ആത്മഹത്യ ചെയ്തതാണ് എന്ന് രേഖപ്പെടുത്തിയതും ദുരൂഹത വർധിപ്പിക്കുന്നു.
ഫെബ്രുവരി 24ന് ശേഷമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പുറത്ത് വന്നത് എന്നതും ഇവിടെ പ്രസക്തമാണ്. അതു പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുള്ള സിദ്ധാർഥന്റെ ചിത്രവും ചില സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവയ്ക്കുന്നതാണ്. എസ്എഫ്ഐ നേതാക്കളായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മർദിച്ചു എന്ന് വ്യക്തമാണ്.
അതേ രീതിയിൽ വിവസത്രനായി തന്നെയാണ് സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്ലറ്റും സിദ്ധാർഥന്റെ മുറിയും തമ്മിൽ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാർഥൻ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. പ്രത്യേകിച്ചും രണ്ട് ദിവസങ്ങളായി നിരന്തരം മർദ്ദനങ്ങൾ ഏറ്റ് അവശ നിലയിലുള്ള ഒരാൾ. മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.