കോട്ടയം: കൃത്യസമയത്തുള്ള പിഴവില്ലാത്ത ഒരൊറ്റ നീക്കംകൊണ്ടു ചെസ് ബോർഡിലെ മത്സരഗതി മാറ്റിമറിക്കാനാകും. ചെസിന്റെ ലോകത്തേക്കു കാലെടുത്തുവയ്ക്കുന്ന കുരുന്നു പ്രതിഭകളുടെ കാര്യത്തിലും വിജയമന്ത്രം ഇതുതന്നെ.
ആറാം വയസിൽ ഫിഡേറേറ്റിംഗ് സ്വന്തമാക്കിയ തിരുവനന്തപുരം കാച്ചാണി ജിഎച്ച്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥി സിദ്ധാർഥ് ശ്രീകുമാറിന്റെ ചെസ് ബോർഡിലെ പോരാട്ടങ്ങൾക്ക് ഇത്തരമൊരു നീക്കം അനിവാര്യമായിരിക്കുകയാണ്.
ഫിഡേറേറ്റിംഗ് നേടി രണ്ടുവർഷത്തിനുള്ളിൽ 2019 ൽ അണ്ടർ-9 സംസ്ഥാന ചാന്പ്യനായ സിദ്ധാർഥ് അതേവർഷം ഡിസംബറിൽ കൊച്ചി കളമശേരി എസ് സിഎംഎസ് കാന്പസിൽ ചെസ് കേരള നടത്തിയ പ്രദർശന മത്സരത്തിൽ മുൻ ലോക മൂന്നാം നന്പർ താരം നൈജൽ ഷോർട്ടിനെതിരേ സ്വപ്നതുല്യമായൊരു വിജയവും സ്വന്തമാക്കി.
1975ൽ ലണ്ടനിൽ നടന്ന ഒരു പ്രദർശനമത്സരത്തിലെ സമാനമായൊരു ജയമാണു നൈജൽഷോർട്ട് എന്ന പ്രതിഭയെ ചെസ് ലോകത്തിന് സമ്മാനിച്ചത് എന്നതു മറ്റൊരു കൗതുകം.
അന്നത്തെ ലോക രണ്ടാം നന്പർ താരമായ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഗ്രാൻഡ്മാസ്റ്റർ വിക്ടർ കോർച്ചുനോയിയെ പരാജയപ്പെടുത്തുന്പോൾ നൈജൽ ഷോർട്ടിനും പ്രായം പത്തുവയസ്.
നൈജൽ ഉൾപ്പെടെ 31 കളിക്കാരെ ഒരേസമയമാണു വിക്ടർ കോർച്ചുനോയി നേരിട്ടത്. സിദ്ധാർഥ് വിജയിച്ച മത്സരത്തിൽ നൈജൽഷോർട്ട് നേരിട്ടത് 26 കളിക്കാരെയും.
വിക്ടർ കോർച്ചനോയിക്കെതിരേയുള്ള വിജയത്തോടെയാണു ചെസ് ബോർഡിൽ നൈജലിന്റെ അശ്വമേധം തുടങ്ങുന്നത്.
സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന എറണാകുളം പിറവം സ്വദേശി കെ.സി. ശ്രീകുമാറിന്റെയും എസ്. അശ്വിനിയുടെയും മകനാണു സിദ്ധാർഥ്.
2017ലെ സംസ്ഥാന ചാന്പ്യൻഷിപ്പിൽ റണ്ണർ അപ്പ് ആയ സിദ്ധാർഥിനെ ചെസിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത് അച്ഛൻ ശ്രീകുമാറാണ്.
മുൻ സംസ്ഥാന ചാന്പ്യൻ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കാപ്പാബ്ലാങ്കാ ചെസ് സ്കൂളിലാണ് ഇപ്പോൾ പരിശീലനം.
വിദേശ കോച്ചുമാരുടെ പരിശീലനം ലഭിച്ചാൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ കുരുന്നിനു കഴിയുമെന്നാണു ചെസ് നിരീക്ഷകരുടെ പക്ഷം.
ഏറെ പണച്ചിലവുള്ളതിനാൽ ഇതിനുള്ള വഴികൾ തേടുകയാണ് സിദ്ധാർഥും കുടുംബവും.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ടൂർണമെന്റുകളിലും മറ്റും പങ്കെടുക്കുന്നതിനും പരിശീലനത്തിനുമായി വലിയ തുക കുടുംബം ചെലവഴിച്ചുകഴിഞ്ഞു.
ഫിഡേ റേറ്റിംഗ് ചെസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പലപ്പോഴും സാന്പത്തിക പ്രതിസന്ധി തടസമാകുന്നുണ്ട്.
കോവിഡിനെത്തുടർന്ന് കഴിഞ്ഞവർഷം ചെസ് മത്സരങ്ങളിൽ ഭൂരിഭാഗവും ഓണ്ലൈൻ ആയി നടന്നത് സാന്പത്തികമായി ആശ്വാസമായെന്നു സിദ്ധാർഥിന്റെ പിതാവ് ശ്രീകുമാർ പറയുന്നു.