ഗ്ലാസ്ഗോ: സിന്ധു വീണ്ടും പൊതുതിത്തോറ്റു. ബാഡ്മിന്റണിലെ ഏറ്റവും മൂല്യമേറിയ ചാമ്പ്യന്‍ഷിപ്പില്‍ സുവര്ണപ്പതക്കമണിയാനുള്ള പി.വി. സിന്ധുവിന്റെ മോഹം കണ്ണീരില്‍ കുതിര്‍ന്നു. ആദ്യന്തം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടും ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷകളുടെ അമിത ഭാരവുമായിറങ്ങിയ പി.വി. സിന്ധു കലാശപ്പോരില്‍ ജപ്പാന്റെ നസോമി ഒകുഹാരയോടു പൊരുതിത്തോറ്റു. സ്കോര്‍: 19-21, 22-20, 20-22.
ഇതോടെ സിന്ധുവിനു വെള്ളിത്തിളക്കമായി. 2015ലെ ജക്കാര്‍ത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്വാള് വെള്ളി നേടിയ ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു. 2013ലും 2014 ലും വെങ്കലും നേടിയിട്ടുള്ള സിന്ധുവിന്റെ ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി.
ഈ രണ്ടു വര്‍ഷവും സിന്ധു സെമിയില്‍ പുറത്താവുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമാണ് സിന്ധു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. സൈന നേടിയ വെങ്കലമുള്‍പ്പെടെ രണ്ടു മെഡലുകള്‍ ഇന്ത്യയുടെ കീശയിലായി.
ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു ഇന്നലത്തേത്. ഓരോ പോയിന്റും നിര്‍ണായകമായ മത്സരത്തില്‍ റാലികള്‍ 50-ലേറെ ഷോട്ടുകള്‍ നീണ്ടു. രണ്ടാം ഗെയിമിലെ ഗെയിം പോയിന്റ് സിന്ധു സ്വന്തമാക്കിയത് 73 ഷോട്ടുകള്ക്കൊടുവിലാണ്.
തുടക്കം പതര്‍ച്ചയോടെ
സെമി ഫൈനലില്‍ ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കെട്ടുകെട്ടിച്ച ശേഷം ക്ഷീണം മാറാനുള്ള സമയം പോലും ലഭിക്കാതെയാണ് സിന്ധു ഫൈനലിനിറങ്ങിയത്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സെമി അവസാനിച്ചത്. എന്നാല്‍, 17 മണിക്കൂറിനു ശേഷം സിന്ധു ഫൈനല്‍ കളിക്കാനിറങ്ങി.
ആദ്യ ഗെയിം നേടാന്‍ മികച്ച അവസരമായിരുന്നു സിന്ധുവിനുണ്ടായിരുന്നത്. എന്നാല്‍, പിഴവുകളുടെ ഘോഷയാത്രയായിരുന്നു സിന്ധു വരുത്തിയത്. ആത്മവിശ്വാസത്തോടെ തുടങ്ങി. ആദ്യ രണ്ടു പോയിന്റും സിന്ധുവിനായിരുന്നു. 9-3ന്റെ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു സിന്ധുവിന്റെ പരാജയം. 14-14ല്‍ സമനില നേടിയ ഒകുഹാര പിന്നീട് തിരിഞ്ഞു നോക്കിയില്ല. തുടര്‍ച്ചയായി ഏഴു പോയിന്റുകളാണ് ഈ ഘട്ടത്തില്‍ ജപ്പാന് താരം കൈക്കലാക്കിയത്. 19-19 എന്ന നിലയില്‍ സിന്ധു ഗെയിം സമനിലയിലെത്തിച്ചെങ്കിലും രണ്ടു തുടര്‍ പോയിന്റുകളോടെ ഒകുഹാര ഗെയിം 21-19നു സ്വന്തമാക്കി.
ലോംഗ് റാലിയിലൂടെ തിരിച്ചുവരവ്
സ്വര്‍ണ പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാം ഗെയിം വേണമെന്ന അവസ്ഥയില്‍ സിന്ധു കൈമെയ് മറന്നു പോരാടി. ലോംഗ് റാലികള്‍ മത്സരത്തിന് ആവേശമായി, പലപ്പോഴും രണ്ട് താരങ്ങളും ക്ഷീണിച്ചു. ആദ്യ പോയിന്റ് ഇത്തവണയും സിന്ധുവിനായിരുന്നു.
5-2ന്റെ ലീഡ് സിന്ധു സ്വന്തമാക്കിയെങ്കിലും ഒക്കുഹാര ഒപ്പത്തിനൊപ്പം കുതിച്ചു. 14-14ല്‍ ഒകുഹാര സമനില കണ്ടെത്തി. പിന്നീട് ഇഞ്ചോടിഞ്ചു പോരാടി സിന്ധു ഗെയിം സ്വന്തമാക്കി. അവസാന പോയിന്റ് സിന്ധു നേടിയത് 73 ഷോട്ടുകള്‍ നീണ്ടുനിന്ന റാലിക്കു ശേഷമാണ്.
മൂന്നാം ഗെയിമില്‍ തീ പാറി
പതിവുപോലെ ആദ്യ പോയിന്റ് സിന്ധുവിന് പിന്നീട് തുടര്‍ച്ചായായ അഞ്ചു പോയിന്റുകള്‍ ഒകുഹാരയ്ക്ക്. എന്നാല്‍, സിന്ധു വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. 1-5ന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. പിന്നീട് ഇഞ്ചോടിഞ്ചു പോരാട്ടം. 5-5, 6-6, 9-9, 11-11, 12-12, 13-13, 14-14, 15-15, 16-16, 17-17, 19-19 എന്നിങ്ങനെ പോരാട്ടം മുറുകി. ഒടുവില്‍ ജഡ്ജ്മെന്റുകളിലെ ചില പിഴവുകള്‍ സിന്ധുവിനു തിരിച്ചടിയായി. ഒടുവില്‍ നിരാശയോടെ സിന്ധു കോര്‍ട്ടില്‍ ഇരുന്നു കരഞ്ഞു. കപ്പിനും ചുണ്ടിനുമിടയില്‍ സിന്ധുവിന് ഒരിക്കല്‍ക്കൂടി കിരീടം നഷ്ടമായി. റിയോ ഒളിമ്പിക്സിന്റെ ഫൈനലിലും സിന്ധു ഇതുപോലെ പരാജയപ്പെട്ടിരുന്നു.
ലോക ജൂണിയര്‍ ചാമ്പ്യനായിരുന്ന ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോര്‍ : 21-13, 21-10. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിന്ധു എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. ലോകചാമ്പ്യന്‍ഷിപ്പില്‍ വിസ്മയക്കുതിപ്പായിരുന്നു ചൈനീസ് താരത്തിന്റേത്. എന്നാല്‍, സെമി ഫൈനലില്‍ സിന്ധുവിന്റെ വിര്യത്തിനു മുന്നില്‍ ചൈനീസ് താരം മങ്ങി. ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് നസോമി ഒകുഹാര ഫൈനലില്‍ ഇടം നേടിയത്. സ്കോര്‍: 21-18, 15-21, 7-21.