നിയാസ് മുസ്തഫ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടാൻ ഹൈക്കമാൻഡിനുമേൽ സമ്മർദമേറുന്നു.
ഇതുസംബന്ധിച്ച് പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കവേ ഇന്നലെ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയും മൂന്ന് കാബിനറ്റ് മന്ത്രിമാരും ഒരു എംപിയും ഡൽഹിയിലെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടു.
തെരഞ്ഞെടുപ്പിലേക്ക് അടുക്കവേ നവ്ജ്യോത് സിംഗ് സിദ്ദുവിനെ മാന്യമായി പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം കനത്ത വില പാർട്ടി നൽകേണ്ടിവരുമെന്നും അഞ്ചംഗസംഘം ഹൈക്കമാൻഡ് നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.
നവ്ജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി ആയി പ്രഖ്യാപിക്കണോ, അതോ ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാതെ തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആലോചന തുടരുകയാണ്.
മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാനാണ് ഹൈക്കമാൻഡ് ഇന്നലെ നാല് കാബിനറ്റ് മന്ത്രിമാരെയും ഒരു എംപിയെയും ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
രൺധാവയോടൊപ്പം കാബിനറ്റ് മന്ത്രിമാരിൽ സിദ്ദുവിന്റെ സഹായി പർഗത് സിംഗ്, ഭരത് ഭൂഷണ് ആഷു, അമരീന്ദർ സിംഗ് രാജ വാറിംഗ് എന്നിവരും ഫത്തേഗഡ് സാഹിബ് എംപി ഡോ. അമർ സിംഗും ഉണ്ടായിരുന്നു.
വേണുഗോപാലാണ് അഞ്ച് നേതാക്കളെയും ഡൽഹിയിലേക്ക് യോഗത്തിന് വിളിപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനാർഥി ആയി സിദ്ദുവിനെ ഉയർത്തിക്കാട്ടണമോയെന്ന ചർച്ചയ്ക്കായി പഞ്ചാബിലെ വിവിധ കോൺഗ്രസ് നേതാക്കളുമായും ജനപ്രതിനിധികളുമായും ഹൈക്കമാൻഡ് ആശയവിനിമയം നടത്തുന്നുണ്ട്.
വേണുഗോപാലിനെ കണ്ട ഭൂരിഭാഗം നേതാക്കളും സിദ്ദുവിനെ പിന്തുണച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
ഒന്നുകിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണം, അല്ലാത്തപക്ഷം താൻ പ്രചാരണത്തിനിറങ്ങില്ല എന്ന സൂചനകൾ സിദ്ദു ഹൈക്കമാൻഡ് നേതൃത്വത്തിന് നൽകിയതായാണ് അറിവ്.
നിലവിലെ സാഹചര്യത്തിൽ സിദ്ദുവിനെ പിണക്കി മുന്നോട്ടുപോകുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അത്ര ശുഭകരമല്ല.
മറുപക്ഷത്ത് ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളികളും അതോടൊപ്പം പാർട്ടി വിട്ട മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന്റെ സാന്നിധ്യവുമെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.