തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നടൻ സിദ്ദിഖ് എത്തിയത് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ . എന്നാൽ ആ റൂമിലേക്ക് കടക്കാൻ അസിസ്റ്റന്റ് കമ്മീഷണർ അനുവദിച്ചില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടത് പോലീസ് കണ്ട്രോൾ റൂമിൽ ഹാജരാകണമെന്നാണെന്ന് പറഞ്ഞ് അസിസ്റ്റന്റ് കമ്മീഷണർ സിദ്ദിഖിനെ മടക്കി അയച്ചു. പിന്നീട് രാവിലെ പത്തിന് പോലീസ് കണ്ട്രോൾ റൂമിൽ ചോദ്യം ചെയ്യാനായി സിദ്ദിഖ് ഹാജരായി.
തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പോലീസിന്റെ വാദം. ചോദ്യം ചെയ്യൽ ചൊവ്വാഴ്ചയും തുടർന്നേക്കും.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്.
സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിനു മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.