തിരുവനന്തപുരം: പീഡനപരാതിയിൽ നടൻ സിദ്ദിഖിനു ജാമ്യം നിഷേധിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ പോലീസിനെതിരേ കടുത്ത വിമർശനവുമായി സിപിഐ മുഖപത്രം. പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്കു നീതി ലഭിക്കണം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയമുയർന്നിരിക്കുന്നതായി ആരോപിക്കുന്നത്.
“ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു.
ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.’- മുഖപ്രസംഗം ചോദിക്കുന്നു.
പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.