കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും സിദ്ദിഖിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്കി.
സിദ്ദിഖുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം അന്വേഷണസംഘം പരിശോധന തുടര്‍ന്നു വരികയാണ്. ഇന്നലെ അഞ്ചംഗ സംഘം കൊച്ചിയിലടക്കം വിവിധയിടങ്ങളില്‍ രാത്രിയിലും പരിശോധന നടത്തിയിരുന്നു.
ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയാല്‍ മാത്രം കീഴടങ്ങിയാല്‍ മതിയെന്ന നിലപാടിലാണ് സിദ്ദിഖ് എന്നാണ് വിവരം. ഒളിവിലുള്ള നടനായി തെരച്ചില്‍ വ്യാപകമാണെന്ന് പോലീസ് അറിയിക്കുമ്പോഴും കാര്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
അതിനിടെ സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ അന്വേഷണസംഘത്തിന് പിഴവ് പറ്റിയെന്ന വിമര്‍ശനവും ശക്തമാവുകയാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം അന്വേഷണസംഘം തന്നെ ഒരുക്കി നല്‍കുകയാണെന്ന വാദമാണ് പ്രധാനമായും ഉയരുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണസംഘം കാണിച്ച ഉദാസീനതയാണ് സിദ്ദിഖിന് ഒളിവില്‍ പോകാന്‍ സമയമൊരുക്കിയതെന്നും ആരോപണം ഉയരുന്നു.
അറസ്റ്റിന് നിയമപരമായ തടസം ഒന്നും ഇല്ലാതിരുന്നിട്ടും പ്രതിയായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നടപടിയും അന്വേഷണസംഘം സ്വീകരിക്കാതിരുന്നതും ശ്രദ്ധേയമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.