സിഡ്നി: തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) എന്നിവർ ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാല് തെന്നി ഇരുവരും കടലിൽ വീഴുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹെലികോപ്റ്ററിന്റെ ഉൾപ്പടെ സഹായത്തോടെയുള്ള തെരച്ചിലിനൊടുവിലാണ് ഇരുവരേയും കണ്ടെടുത്തത്. കരക്കെത്തിച്ചപ്പോൾ യുവതികൾ പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും രണ്ട് പേരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.