ന്യൂഡൽഹി: ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേടിയ ടീമിന് ബിസിസിഐയുടെ പാരിതോഷികം. ഓരോ മത്സരത്തിലുമിറങ്ങിയ പതിനൊന്നുപേർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന് ബിസിസിഐ അറിയിച്ചു.
ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച ബിസിസിഐ എല്ലാ റിസർവ് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കാഷ് അവാർഡ് നല്‍കുമെന്ന് അറിയിച്ചു. കളിച്ചവർക്ക് 15 ലക്ഷം രൂപയും റിസർവ് കളിക്കാർക്ക് 7.5 ലക്ഷം രൂപയും നൽകുമെന്ന് ബിസിസിഐ അറിയിച്ചു.
പരിശീലകർക്ക് 25 ലക്ഷം രൂപ വീതവും പരിശീലകരല്ലാത്തവർക്ക് അവരുടെ ശന്പളത്തിനും പ്രഫഷണൽ ഫീസിനും തുല്യമായ ബോണസും നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.
നാലു മത്സര പരന്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും (അഡ്ലെയ്ഡ്, മെൽബണ്‍) മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. ഓസ്ട്രേലിയ പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ജയിച്ചു. നാലാം ടെസ്റ്റ് സമനിലയായി.