സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ സാമുവൽ റോബിൻസൺ അബിയോള അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. സിനിമകളില്ലാതെ വിഷാദ രോഗത്തിന് കീഴടങ്ങിയ അവസ്ഥയിൽ താൻ ആത്മഹത്യക്കു വരെ ശ്രമിച്ചെന്ന് താരം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സാമുവൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം തനിക്ക് ഏറ്റവും മോശപ്പെട്ടതായിരുന്നുവെന്ന് സാമുവൽ പറയുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാകുറിപ്പും തയാറാക്കി വച്ചിരുന്നുവെന്നും താരം പറയുന്നു. 15 വയസിലേ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്നും പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇതുവരെയെത്തിയത്.
രാജ് കുമാർ സന്തോഷിയുടെ ഒരു ഹിന്ദി ചിത്രത്തിലേക്കും എഐബിയിൽ നിന്നും ക്ഷണം വന്നു. ഈ രണ്ടവസരങ്ങളും പിന്നീട് നടക്കാതെ പോയി. തമിഴിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും അത് ശരിയായില്ല. സ്വന്തം നാടായ നൈജീരിയയിൽ ലഭിച്ച അവസരങ്ങൾ പോലും ഇല്ലാതായി. കരാർ ഒപ്പു വച്ച പല പ്രൊജക്ടുകളും നടന്നില്ല. അതോടെ ജീവിതം മടുത്ത് വിഷാദരോഗത്തിലേക്ക് വീഴുകയായിരുന്നു- സാമുവൽ സമൂഹ മാധ്യത്തിൽ കുറിച്ചു.
ഗുഡ്ബൈ എന്ന തന്റെ മെസേജ് കണ്ട ഒരു സുഹൃത്ത് തന്നെ ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടുത്തിയതാണ് തന്നെ രക്ഷിച്ചതെന്നും സാമുവൽ പറയുന്നു. അഭിനയം ഒരു ജോലി മാത്രമാണെന്നും ഒരു ജോലി പോയാൽ മറ്റൊരു ജോലി കണ്ടെത്തണമെന്നും തെറാപ്പിസ്റ്റ് ഉപദേശിച്ചു. 8 ബാർസ് ആൻഡ് എ ക്ലെഫ് എന്ന നൈജീരിയൻ ചിത്രത്തിലൂടെയാണ് സാമുവൽ ചലച്ചിത്രരംഗത്തെത്തിയത്.
അതിനു മുന്പ് നൈജീരിയൻ ടെലിവിഷനിൽ അഭിനയിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം ഒരു കരീബിയൻ ഉഡായിപ്പ് എന്ന ചിത്രത്തിലും സാമുവൽ അഭിനയിച്ചിരുന്നു.