പനാജി: കളിക്കളത്തിലെ കള്ളത്തരത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം മാര്‍ക് സിഫ്നിയോസിന് തിരിച്ചടി. പരിക്കാണെന്ന നുണ പറഞ്ഞ് എഫ്സി ഗോവയിലേക്കു കൂടുമാറാന്‍ ശ്രമിച്ച സിഫ്നിയോസിന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് പണികൊടുത്തത്്. താരം അനധികൃതമായാണ് ഇന്ത്യയില്‍ തുടരുന്നതെന്ന് കാണിച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്ന ഫോറിന് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ പരാതി നല്കി. പ്രശ്നം സങ്കീര്‍ണമായതോടെ താരം ഇന്ത്യ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയതിന് ശേഷമാണ് താരം ബ്ലാസ്റ്റേഴ്സ് വിട്ടത്. ബ്ലാസ്റ്റേഴ്സിനെ ഈ സീസണില്‍ ആദ്യം പരിശീലിപ്പിച്ചിരുന്ന റെനെ മ്യൂളന്സ്റ്റീനാണ് 20 കാരനായ താരത്തെ കൊച്ചിയിലെത്തിച്ചത്. മ്യൂളൻസ്റ്റീന്റെ ഇടപെടലിലാണ് സിഫ്നിയോസ് കൂടുമാറാൻ കാരണമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട എഫ്സി ഗോവ നിരയില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഈ മത്സരത്തിനു മുന്‍പ് തന്നെ താരം ഇന്ത്യ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാനുള്ള എംപ്ലോയ്മെന്റ് വിസയിലെത്തിയ താരം ഗോവയ്ക്കു വേണ്ടി കളിക്കുന്നത് നിയമ വിരുദ്ധമാണെന്നു കാട്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരാതി നല്‍കിയത്.
കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഈ സീസണില്‍ നാലു ഗോളുകള്‍ നേടിയ താരം ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ഗോവയിലേക്ക് കൂടു മാറിയത്. ആരാധകര്‍ക്കിടയില്‍ ഏറെ പ്രതിഷേധമുയര്‍ത്തിയ ട്രാന്‍സ്ഫറായിരുന്നു അത്. സിഫ്നിയോസിനു പകരം ഐസ്ലന്ഡ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ഡച്ച് താരമായ സിഫ്നിയോസിന് കേരളത്തില്‍ നിരവധി ആരാധകരുണ്ടായിരുന്നു.