പറവൂർ: സിഗരറ്റ് വാങ്ങിയ 35 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണമടഞ്ഞു.
വാണിയക്കാട് കണ്ടൻതറ വീട്ടിൽ സുതന്റെ മകൻ മനു (35) ആണ് ഇന്നു പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ വച്ച് മരണമടഞ്ഞത്.
ശനിയാഴ്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിനു സമീപം കടനടത്തുന്ന സജ്ജൻ, ഇയാളുടെ അനിയൻ സാജു, കൂട്ടുകാരൻ എന്നിവർ ചേർന്ന് മർദിച്ചത്.
സജ്ജന്റെ കടയിൽനിന്നും സിഗരറ്റ് വാങ്ങിയ ഇനത്തിൽ 35 രൂപ മനു നൽകാനുണ്ടായിരുന്നു.
ഇത് പിന്നീട് നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവിടെ എത്തിയ സാജുവും കൂട്ടുകാരനും ചേർന്ന് മനുവിനെ മർദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. തലയ്ക്ക് ഉൾപ്പെടെ മറ്റു പരിക്കുകളും ഉണ്ടായിരുന്നു.
സംഭവത്തിൽ പ്രതിയായ മൂന്നുപേരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഒളിവിലായ സജ്ജനായി പോലീസ് അന്വേഷണം ശക്തമാക്കി. ഡ്രൈവറായ മനു അവിവാഹിതനാണ്. അമ്മ: സരള , സഹോദരങ്ങൾ: ബേബി, സിനോജ്