ചങ്ങരംകുളം: വഴിതെറ്റിച്ചും കാണാമറയത്തും ദിശാബോർഡുകൾ. ചങ്ങരംകുളത്ത് സ്ഥാപിച്ച ദിശാബോർഡുകൾ ആണ് വാഹനങ്ങളെയും വട്ടം മാസങ്ങളായി വട്ടം കറക്കുന്നത്. പല തവണ ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ ഒരു നടപടിയും എടുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാവുന്നുണ്ട്.
തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കണ്ടയ്നർ അടക്കമുള്ള ദീർഘദൂര വാഹനങ്ങൾ ഇത്തരം ദിശാബോർഡുകൾ കാരണം ചങ്ങരംകുളം ടൗണ്‍ വഴി കയറി മറ്റു റോഡുകളിൽ മണിക്കൂറുകളോളം വട്ടം കറങ്ങുന്നു. ചങ്ങരംകുളം ടൗണിൽ കോഴിക്കോട് റോഡിൽ വ്യക്തമായ ദിശാബോർഡുകൾ സ്ഥിതി ചെയ്യുന്നതാവട്ടെ വാഹനങ്ങൾക്കും യാത്രക്കാർക്കും കാണാൻ കഴിയാത്ത അവസ്ഥയിൽ ട്രാർസ്ഫോമറിന് പുറകിലെ മരച്ചില്ലകൾക്കിടയിലാണ്.
എടപ്പാളിൽ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ മൂലം വലിയ വാഹനങ്ങൾ പലതും ഇടുങ്ങിയ മറ്റു റോഡുകൾ തേടിപ്പോവുകയും വഴിയിൽ കുടുങ്ങുന്നതും പതിവാണ്. പ്രദേശത്തെ റോഡുകളിൽ വ്യക്തമായ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ ദിശാബോർഡുകൾ സ്ഥാപിച്ച് വാഹനങ്ങൾക്കും യാത്രക്കാർക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ തയാറാവണമെന്നാണ് ജനങ്ങൾ പറയുന്നത്.