ആലപ്പുഴ: യന്ത്രവത്കരണവും സാങ്കേതികവത്കരണവും എത്രത്തോളം വളർന്നാലും ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണത്തിൽ ഒരു പങ്കുമില്ല. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഇപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ്.
ഒന്നര പതിറ്റാണ്ടുമുന്പ് ഗതാഗതം നിയന്ത്രിക്കുന്നതിനായി നഗരത്തിലെ ജനറൽ ആശുപത്രി ജംഗ്ഷനിൽ ഓട്ടോമാറ്റിക് സിഗ്്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഇന്നത് ഓർമയാണ്. നിലവിൽ ഇവിടെ സിഗ്നലുണ്ടെങ്കിലും പ്രവർത്തിപ്പിക്കണമെങ്കിൽ ട്രാഫിക് ഉദ്യോഗസ്ഥൻ വേണം.
ആദ്യം സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ വാഹനമിടിച്ചു തകർത്തതോടെ പിന്നീട് വർഷങ്ങളോളം ജനറൽ ആശുപത്രി ജംഗ്ഷനിൽ പൊരിവെയിലത്തും മഴയത്തും ട്രാഫിക് ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിച്ചാണ് ഗതാഗതക്കുരുക്ക് അഴിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുന്പ് വീണ്ടും ഇവിടെ മാനുവലായുള്ള ട്രാഫിക് സിഗ്്നൽ ലൈറ്റുകൾ വീണ്ടും സ്ഥാപിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുന്പ് വൈഎംസിഎ പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇരുകരകളിലുമായി സിഗ്്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇവ ഏകദേശം മൂന്നാഴ്ചയോളം പ്രവർത്തിച്ചെങ്കിലും പിന്നീട് കണ്ണടച്ചു. സിഗ്്നൽ ലൈറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇലക്ട്രിക് വയർ രാത്രി എത്തിയ കണ്ടെയ്നർ ലോറി പൊട്ടിച്ചതോടെയാണ് ലൈറ്റുകളുടെ പ്രവർത്തനം നിലച്ചത്.
ഇവയുടെ അറ്റകുറ്റപ്പണിക്ക് കൂടുതൽ ചെലവ് വരില്ലെങ്കിലും ഇതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാതിരുന്നതോടെ വൈഎംസിഎ പാലത്തിലെ ഗതാഗത നിയന്ത്രണം വാഹനമോടിക്കുന്നവരുടെ കൈകളിലാണെന്നതാണ് അവസ്ഥ. പരാതികൾ വ്യാപകമായതോടെ ഇന്നലെ അധികൃതർ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
നഗരത്തിലേക്കു വടക്കുഭാഗത്തുനിന്നും പ്രവേശിക്കുന്ന ശവക്കോട്ട പാലത്തിലും സിഗ്്നൽ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നു. രാവിലെയും വൈകുന്നേരവും ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ സ്ഥാപിച്ചിരുന്ന സിഗ്്നൽ ലൈറ്റുകളിൽ പ്രധാനപ്പെട്ടത് ലോറിയിടിച്ചു തകർത്തതോടെയാണ് ശവക്കോട്ടപാലത്തിലെ സിഗ്്നൽ ലൈറ്റ് സംവിധാനം ഓർമയായത്.
കളർകോട് ജംഗ്ഷനിലും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നെങ്കിലും ഇതും വാഹനമിടിച്ച് തകർന്നതോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ തന്നെ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയാണ്. ജില്ലാ കോടതി പാലത്തിലെ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് സിഗ്്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഇവയിലേക്കുള്ള വൈദ്യുതി കണക്ഷനടക്കമുള്ളവ നൽകിയിരുന്നില്ല.
ഇതിനിടയിൽ കഴിഞ്ഞദിവസം സിഗ്്നൽ ലൈറ്റുകളിൽ ഒന്നിൽ വാഹനമിടിച്ച് സാരമായ കേടുപാടുണ്ടാകുകയും ചെയ്തു. ജില്ലയിലെ മറ്റ് നഗരങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഉപയോഗിച്ച് ഗതാഗത നിയന്ത്രണം കാര്യക്ഷമമായി നടത്തുന്പോഴാണ് ലക്ഷങ്ങൾ ചിലവഴിച്ച് നഗരത്തിൽ നിർമിച്ച ട്രാഫിക് ലൈറ്റുകൾ നിസാര തകരാറുകളുടെ പേരിൽ അറ്റകുറ്റപണികൾ നടത്താതെ നശിപ്പിക്കുന്നത്.