കൊച്ചി: അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ സിഗ്നലിംഗ് സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന പല ട്രെയിനുകളും വൈകി. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈകിയാണ് പല ട്രെയിനുകളും ഇന്ന് രാവിലെ സർവീസ് നടത്തിയത്. പുലർച്ചെ 2.30നു ശേഷമാണ് സിഗ്ന്നലിംഗ് സംവിധാനത്തിൽ തകരാറുണ്ടായത്. ഇതേതുടർന്ന് മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ പിടിച്ചിട്ടതും വൈകി ഓടിയതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
കാരയ്ക്കൽ എറണാകുളം എക്സ്പ്രസ്, ഷൊർണൂർ എറണാകുളം പാസഞ്ചർ, പൂനെ എറണാകുളം എക്സ്പ്രസ്, ഗുരുവായൂർ എടമണ്‍ പാസഞ്ചർ, ചെന്നൈ ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ എറണാകുളം പാസഞ്ചർ തുടങ്ങിയ ട്രെയിനുകളാണ് പലയിടങ്ങളിൽ പിടിച്ചിടുകയും വൈകി ഓടുകയും ചെയ്തത്.
മറ്റു ഏതാനും ട്രെയിനുകൾ വൈകി ഓടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ട്രെയിനുകൾ വൈകുമെന്ന് മുന്നറിയിപ്പ് നൽകാതിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പലർക്കും രാവിലെ സമയത്ത് ഓഫീസുകളിലേക്ക് എത്താനായില്ല. അവധി ദിവസങ്ങൾ കഴിഞ്ഞ് പലരും ഒഫീസുകളിലേക്ക് ഇന്നാണ് എത്തിത്തുടങ്ങിയത്.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പകുതി ദിവസത്തെ അവധി എടുക്കേണ്ടി വന്നു. ഇതിനിടെ തൃശൂരിൽ പാസഞ്ചർ ട്രെയിനുകൾ പിടിച്ചിട്ട് ഗുഡ്സ് ട്രെയിൻ കടത്തി വിട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം സിഗ്നൽ സംവിധാനത്തിലെ തകരാർ രാവിലെ 7.30 ഓടെ പരിഹരിച്ചതായും ട്രെയിൻ ഗതാഗതം സാധാരണ നിലയിലായെന്നും റെയിൽവേ അധികൃതർ അറിയിച്ചു.