മുക്കം: ജില്ലയുടെ കിഴക്കൻ മേഖലയിൽ പന്നിക്കോട് സ്വദേശി എടപ്പറ്റ ശ്രീകാന്തിനും കുടുംബത്തിനും സുമനസുകളുടെ സഹായ ഹസ്തം. ശ്രീകാന്തിന്റെ കുടുംബത്തിന്റെ ദുരിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം “രാഷ്ട്ര ദീപിക’ നൽകിയ വാർത്തശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവുമായി നിരവധി പേർ എത്തിയത്.
വിവിധ സംഘടനകളും വ്യക്തികളും സഹായിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നു. വീട് സന്ദർശിച്ച മുക്കം പോലീസ് ഇവരുടെ ഭൂമിസംബന്ധമായ പ്രശ്നത്തിൽ ഉടൻ ഇടപെടുമെന്നും ഇതിനു പരിഹാമായാൽ ജനമൈത്രി പോലീസിന്റേയും മുക്കം പോലീസിന്റേയും നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുമെന്നും മുക്കം എസ്ഐ വി.കെ.റസാഖ് പറഞ്ഞു.
ജനമൈത്രി എസ്ഐ അസൈൻ ,എ.എസ്.ഐ സലീം മുട്ടത്ത്, ഷഫീഖ് നീലിയാനിക്കൽ എന്നിവരാണ് സിഐ ബി.കെ. സിജുവിന്റെ നിർദേശപ്രകാരം വീട്ടിലെത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും സ്ഥലത്ത് സന്ദർശനം നടത്തി. ഭൂമി ലഭ്യമാക്കാൻ ആവശ്യമായ നിയമനടപടികൾക്ക് നേതൃത്വം നൽകുമെന്ന് അറിയിക്കുകയും ഭൂമി ലഭ്യമാകുന്ന മുറക്ക് വീട് നിർമിച്ച് നൽകുമെന്നും അദ്ധേഹം പറഞ്ഞു. ഇതിനായി ജനകീയ കമ്മിറ്റി വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മജീദ് പുതുക്കുടി, കെ.പി. അബ്ദുറഹിമാൻ ,എൻൻ.കെ. അഷ്റഫ്, ബാബു പൊലുകുന്നത്ത്, ബഷീർ പാലാട്ട്, അജ്മൽ പന്നിക്കോട്, അനസ് ഉച്ചക്കാവിൽ തുടങ്ങിയവരും സ്ഥലത്തെത്തി.
വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കി കെഎസ്ഇബി പ്രവർത്തകരും സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ തന്നെ വീട്ടിൽ കണക്ഷൻ ലഭ്യമായി.അസിസ്റ്റന്റ് എൻജിനീയർ സതീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് കണക്ഷൻ നൽകിയത് .
വയറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി നൽകിയതും ഇതിനാവശ്യമായ രേഖകൾ സംഘടിപ്പിച്ചതും വെൽഫെയർ പാർട്ടി പ്രവർത്തകരാണ്. ഷംസുദ്ദീൻ ചെറുവാടി, ബാവ പവർ വേൾഡ്, സാലിം ജീറോഡ, ജ്യോതി ബസു തുടങ്ങിയവർ നേതൃത്വം നൽകി.
മുക്കം അഗ്രികൾച്ചറിസ്റ്റ് വർക്കേഴ്സ് ഡെവലപ്മെന്റ് ആൻഡ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോൺ നൽകി. നിഷാബ് മുല്ലോളി, സജീഷ് മുത്തേരി, ജുനൈദ് പാണ്ടികശാല, അശ്വിൻ ദാസ് സംബന്ധിച്ചു.
യൂത്ത് കോൺഗ്രസ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ ടി.വി.സെറ്റും കേബിൾ കണക്ഷനും നൽകി. അഡ്വ. സൂഫിയാൻ ചെറുവാടി, റഹ്മത്ത് പരവരിയിൽ, ദിനേശ് എടപ്പറ്റ സംബന്ധിച്ചു.