കടുത്തുരുത്തി: കേസ് ഫയലിൽ സിഐയുടെ ഒപ്പിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ഗ്രേഡ് എസ്ഐക്കു സസ്പെൻഷൻ. കടുത്തുരുത്തി സിഐ ഓഫീസിലെ എസ്ഐ അനിൽ കുമാറിനെയാണു സസ്പെൻഡ് ചെയതത്. സിഐ കെ.പി. തോംസണ് ഓഫീസിലില്ലാത്ത സമയത്തു പ്രതിയെ കോടതിയിൽ ഹാജരാക്കാൻ റിമാൻഡ് റിപ്പോർട്ടിൽ സിഐയുടെ ഒപ്പ് എസ്ഐ തന്നെയിട്ട സംഭവത്തിലാണു നടപടി.
സിഐയുടെ പരാതിയിൽ ഇതേക്കുറിച്ച് അന്വേഷിച്ച വൈക്കം ഡിവൈഎസ്പിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് എസ്ഐയെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയയ്തത്. കടുത്തുരുത്തി സിഐ ഓഫീസിലെ റൈറ്റർ ചുമതലയുള്ള എസ്ഐയാണ് അനിൽ കുമാർ. പെരുവയിൽ സിപിഎം മുളക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ മൂന്നാം പ്രതിയായ മുളക്കുളം കാലായിൽ ജോളി (സന്തോഷ്) യുടെ റിമാൻഡ് റിപ്പോർട്ടിലാണ് അനിൽകുമാർ സിഐയുടെ ഒപ്പിട്ടത്. ഓഫീസ് കത്തിച്ച രണ്ടു പ്രതികളെ പോലീസ് സംഭവദിവസംതന്നെ പിടികൂടിയിരുന്നു. ഇവർക്ക് തീ വയ്ക്കാൻ പെട്രോൾ വാങ്ങി നൽകിയ സന്തോഷ് സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്നു.
ഹൈക്കോടതിയിൽ സന്തോഷ് മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് സന്തോഷ് കടുത്തുരുത്തി സിഐയുടെ ഓഫീസിലെത്തി എസ്ഐ അനിൽ കുമാറിനെകണ്ടു വിവരങ്ങൾ അറിയിച്ചു. എന്നാൽ, എസ്ഐ, സിഐ വരാൻ കാത്തുനിൽക്കാതെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി സിഐയുടെ ഒപ്പിട്ട് റിമാൻഡ് റിപ്പോർട്ട് തയാറാക്കി കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിലെ വീഴ്ചകളെത്തുടർന്നു പ്രതിക്കു കോടതിയിൽനിന്നു ജാമ്യം ലഭിച്ചതോടെ എസ്ഐക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നുവെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
പിന്നീട് ഓഫീസിലെത്തിയ സിഐ കെ.പി. തോംസണ് മേലാധികാരിക്ക് ഇതേക്കുറിച്ചു പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരാനാണെന്നു കണ്ടെത്തിയതോടെ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.