ഒപ്പിട്ടു മടുക്കുന്നവരില്ലേ..? സാധാരണക്കാരുടെ കാര്യമല്ല പറയുന്നത്. ആയിരക്കണക്കിന് ആരാധകർക്ക് ഓട്ടോഗ്രാഫിൽ ഒപ്പിടേണ്ടിവരുന്നവർ, ഓരോ നിമിഷവും നിരവധി രേഖകളിൽ ഒപ്പിടേണ്ടിവരുന്ന വ്യവസായ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ ഇങ്ങനെയുള്ളവരെ സഹായിക്കാൻ ഒപ്പിടൽ യന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വിസ് വാച്ച് നിർമാണക്കന്പനിയായ ജാക്വറ്റ് ഡ്രോസ്.
യന്ത്രത്തിന്റെ ചാർജു തീരുന്നതുവരെ പരിധിയില്ലാതെ ഒപ്പിടാൻ സാധിക്കും. റീചാർജ് ബാറ്ററി ഉപയോഗിച്ചിരിക്കുന്നതിനാൽ ചാർജ് തീരുന്നതിനനുസരിച്ചു റീചാർജ് ചെയ്ത് ഉപയോഗിക്കാം.
പോക്കറ്റിൽ കൊള്ളാവുന്ന വലിപ്പമേയുള്ളൂവെന്നതിനാൽ യാത്രകളിലും ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, യന്ത്രം വാങ്ങാനാഗ്രഹിക്കുന്നവർ ഒരു മാസം മുൻപെങ്കിലും തങ്ങളുടെ ഒപ്പിന്റെ സാന്പിൾ കാണിക്കണം.
സാന്പിൾ കണ്ടശേഷം ആ രീതിയിൽ ഒപ്പിടുന്നതിനുള്ള യന്ത്രം നിർമിക്കുകയാണു ചെയ്യുന്നത്. യന്ത്രം മോഷണം പോയാൽ പണി പാളുമല്ലോ എന്ന പേടിയുള്ളവരോടു കന്പനി പറയുന്നത് ഒട്ടും പേടിവേണ്ടെന്നാണ്. ഉടമയുടെ ഫിംഗർപ്രിന്റ് സ്കാൻ ചെയ്താൽ മാത്രമേ യന്ത്രം പ്രവർത്തിക്കൂ…