മുക്കം: കോവിഡ് രോഗബാധ രൂക്ഷമാവുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വമേധയാ ഏറ്റെടുത്ത വാക്സിൻ ചലഞ്ചിന് സർഗാത്മക ഐക്യദാർഢ്യവുമായി ഒരു റിട്ടയേഡ് അധ്യാപകൻ. മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായ സിഗ്നിദേവരാജാണ് വേറിട്ട പിന്തുണയുമായി എത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,000 രൂപയിൽ കുറയാത്ത തുക സംഭാവന നൽകുന്നവർക്ക് സൗജന്യമായി ഛായാചിത്രം വരച്ചു നൽകുകയാണ് ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിന്റെ 35-ാം വിവാഹ വാർഷിക ദിനമായിരുന്നു. അന്നാണ് ഭാര്യ മണി ദേവരാജുമായി കൂടി ആലോച്ച് ഈ തീരുമാനം കൈക്കൊണ്ടത്.
ദുരിതാശ്വാസ നിധിയിൽസംഭാവന നൽകിയ രസീതിയുടെ പകർപ്പും വരയ്ക്കേണ്ട ചിത്രവും വാട്സ് ആപ്പ് (9447147737) ചെയ്താൽ മതി. വൈകാതെ രേഖാചിത്രം ആ നമ്പറിൽ കിട്ടിയിരിക്കും. ഇതിനകം തന്നെ നിരവധി പേർ ഈ ശൃംഖലയിൽ വന്നു കഴിഞ്ഞു.
നാടിനെ ഗ്രസിച്ച മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ പണം കണ്ടെത്തേണ്ടി വരുന്ന സാഹചര്യത്തിൽ സർക്കാരിനെ സഹായിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണെന്ന് ഈ ചിത്രകാരൻ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.
പരമാവധി തുക മുഖ്യമന്ത്രിയുടെ നിധിയിലെത്തിക്കാൻ ആവുന്നത് എല്ലാവരും ചെയ്യണം. ഇത്പലരുമായി പരിചയപെടാനുള്ള ഒരവസരം കൂടിയാണെന്നും അദ്ദേഹം പറയുന്നു.നാലു വർഷം മുമ്പാണ് സിഗ്നിദേവരാജ് അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത്.അധ്യാപക സംഘടനയിലും (കെഎസ്ടിഎ) പ്രവർത്തിച്ചു.
മഹാത്മാ ഗാന്ധിയുടെ ശ്രദ്ധേയമായ150 ജീവിത സന്ദർഭങ്ങൾ പേപ്പർ ഗ്ലാസിൽ ചിത്രീകരിച്ചതിന് യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ഉപഹാരം ലഭിച്ചിരുന്നു.എസ്സിഇആർടി യുടെ പാഠപുസ്തകങ്ങളിലും പൂർണ പബ്ലിക്കേഷൻസിന്റെ ബാലസാഹിത്യ കൃതികളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കാരശേരി പഞ്ചായത്ത് മുൻ അംഗം മണി ദേവരാജ് ആണ് ഭാര്യ. അൻ വിനോസിഗ്നി, അസ് വിനോസിഗ്നി എന്നിവർ മക്കളും.