ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ പഠനം. ലോകസാമ്പത്തിക ശക്തികളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പഠനം പറയുന്നു.
2100ഓടെ, 195 രാജ്യങ്ങളില്‍ 183 എണ്ണത്തിലെ പ്രതീക്ഷിത ജനന നിരക്ക് നിലനിര്‍ത്താന്‍ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണം കൊണ്ടു മാത്രമേ സാധിക്കൂവെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും.
നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാന്‍, തായ്ലാന്‍ഡ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു.
ജനസംഖ്യയില്‍ മുമ്പിലുള്ള ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു. 2100ല്‍ ആഗോളതലത്തില്‍ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും, 20 വയസ്സിനുതാഴെ 170 കോടി പേരുമാണ് ഉണ്ടാവുന്നതെങ്കില്‍ അടുത്തനൂറ്റാണ്ടില്‍ അതിന് ഇനിയും വ്യത്യാസം വരും.
തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ള തലമുറയുടെ എണ്ണം പലരാജ്യങ്ങളിലും കുറയുമെന്നതിനാല്‍ ജനസംഖ്യയിലെ ഇടിവ് പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനും കുടിയേറ്റനയത്തില്‍ ഉദാരവത്കരണം കൊണ്ടുവരേണ്ടിവരും. രാജ്യങ്ങള്‍തന്നെ അതിന് മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.