ഈ നൂറ്റാണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ ലോകാവസാനത്തെക്കുറിച്ചുള്ള കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മുമ്പില്ലാത്ത വണ്ണം ഭൂമിയില്‍ ഉണ്ടായ പല പ്രതിഭാസങ്ങളും പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. ലോകാവസാനം സംബന്ധിച്ച സിനിമകളും ഇഷ്ടംപോലെയിറങ്ങി. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന കാഴ്ചകള്‍ക്കാണ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് സ്വദേശികള്‍ സാക്ഷ്യം വഹിച്ചത്.
ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്ന വണ്ണം നീണ്ടു പോകുന്ന ഒരു പടുകൂറ്റന്‍ ‘മേഘക്കുഴല്‍’ ആണ് അമേരിക്കക്കാരെയാകെ ഞെട്ടിച്ചത്. ലോകാവസാനത്തിനു മുന്നിലുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമായിരുന്നു അത്. പക്ഷേ സംഗതി റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു. ശരിക്കും പേപ്പര്‍ ചുരുട്ടിയെടുത്തതു പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപത്ത് സൂചനയായാണ് ഇത് കണക്കാക്കാറ്. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ. അപൂര്‍വമെന്നു പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇവയ്ക്ക് പേരു നല്‍കിയതെന്നു പോലും പറയേണ്ടി വരും. റോള്‍ ക്ലൗഡുകള്‍ക്ക് ഔദ്യോഗികമായി പേരിടുന്നത് 2017ലാണ്. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ ക്ലൗഡ് അറ്റ്ലസില്‍ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലും ഇതിനെ ഉള്‍പ്പെടുത്തി.
ന്യൂ ഓര്‍ലിയന്‍സില്‍ നിന്നുള്ള ഫൊട്ടോഗ്രാഫറും കാര്‍പന്ററുമായ കര്‍ടിസ് ക്രിസ്റ്റെന്‍സനാണ് ഇത്തവണ റോള്‍ ക്ലൗഡിന്റെ ചിത്രമെടുത്തത്. ജോലിയ്ക്കു പോകുന്നതിനിടെയാണ് ഈ അമ്പത്തിരണ്ടുകാരന് തലയ്ക്കു മുകളില്‍ തെളിഞ്ഞ ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. തുടര്‍ന്ന് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അസാധാരണമായ വിധത്തിലായിരുന്നു ചിത്രം വൈറലായത്. ഞെട്ടിപ്പിക്കുന്ന വിധം പ്രതികരണമാണ് ചിത്രത്തിന്മേല് ഉണ്ടായതെന്നും കര്‍ടിസ് പറയുന്നു. യുഎസിനെ തണുപ്പില്‍ മുക്കിയ മഞ്ഞിന്റെ ഭാഗമായാണ് ഇതു രൂപപ്പെട്ടതാണെന്നാണു കര്‍ടിസ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള കാഴ്ചകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇത്രയും ‘വലുപ്പത്തില്‍’ ഒരു മേഘം ആകാശത്തു പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും കര്‍ടിസ് പറയുന്നു.
മഞ്ഞു മാറി ചൂടുകാറ്റ് വരുമ്പോള്‍ ഈ മാറ്റം സംഭവിക്കുന്ന ‘പോയന്റിനു’ പറയുന്നു പേരാണ് ‘കോള്‍ഡ് ഫ്രണ്ട്’ ഇതിന്റെ വാലറ്റത്താണു റോള്‍ ക്ലൗഡ് രൂപപ്പെട്ടതെന്നും കര്‍ട്ടിസ് പറയുന്നു. ഇത്രയും അടുത്ത് ഇതാദ്യമായാണ് റോള്‍ ക്ലൗഡ് ക്യാമറയില്‍ പതിയുന്നതും. ഇതിന്റെ വിഡിയോ ദൃശ്യം കാണുമ്പോള്‍ തന്നെ മനസ്സിലാകും, തലയ്ക്കു മുകളില്‍ ഒരു വമ്പന്‍ ‘മേഘക്കുഴല്‍’ രൂപപ്പെട്ടതു പോലെ! ഭൂമിക്കു സമാന്തരമായാണ് റോള്‍ ക്ലൗഡുകള്‍ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു രൂപപ്പെടാറുണ്ട്. അങ്ങനെയാണ് മേഘങ്ങളുടെ ഔദ്യോഗിക അറ്റ്ലസിലേക്കും സ്ഥാനം ലഭിക്കുന്നതും. 2018 ഫെബ്രുവരിയില്‍ വിര്‍ജിനിയയിലും ജനത്തെ അമ്പരപ്പിച്ചു കൊണ്ടു പടുകൂറ്റന്‍ റോള്‍ ക്ലൗഡ് രൂപപ്പെട്ടിരുന്നു. ചുരുട്ടിവച്ച തീപ്പന്തം പോലെയായിരുന്നു സന്ധ്യാസമയത്ത് ഈ മേഘം. അസ്തമയ സൂര്യന് പകര്‍ന്ന ചായക്കൂട്ടു കൂടി ഏറ്റുവാങ്ങിയതോടെ പിങ്കും ഓറഞ്ചും നിറങ്ങളെല്ലാം ചേര്‍ന്ന് ആസാധാരണ ഭംഗിയുമായിരുന്നു ആ മേഘങ്ങള്‍ക്ക്. എന്തായാലും സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തു വന്നിട്ടും ഇതുവരെ ആളുകളുടെ ഭീതിയൊഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.