നാഗ്പുര്‍: അണ്ടര്‍ 19 ഇംഗ്ലണ്ടിനെതിരായ ചതുര്‍ദിന മത്സരത്തിലെ മലയാളിപ്പെരുമ ബാറ്റിംഗില്‍ ഒതുങ്ങുന്നില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ മലയാളി താരം സിജോമോന്‍ ജോസഫ് ആറു വിക്കറ്റ് സ്വന്തമാക്കി ശ്രദ്ധേയനായി. മത്സരത്തിന്റെ അവസാന ദിനം ഒന്നിന് 23 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനെ സിജോമോന്റെ മികവില്‍ 167 റണ്‍സിന് ചുരുട്ടിക്കെട്ടി. ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയത് സിജോമോന്റെ തകര്‍പ്പന്‍ ബൗളിംഗാണ്.
62 റണ്‍സ് വിട്ടുനല്‍കിയാണ് സിജോമോന്‍ ആറു വിക്കറ്റ് വീഴ്ത്തിയത്. ഹെന്റി ബ്രൂക്ക്സ്, ജോര്‍ജ് ബാര്ട്ലെറ്റ്, ഡെല്‍റേ റോളിന്‍സ്, വില്‍ ജാക്ക്സ് , ആരോണ്‍ ബിയേഡ്, ലിയാം പാറ്റേഴ്സണ്‍ വൈറ്റ് എന്നിവരുടെ വിക്കറ്റുകൾ സിജോമോന്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ സിജോമോന്‍ പുറത്താകാതെ 62 റണ്‍സുമെടുത്തിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യാഷ് കേരള അക്കാഡമിയിലൂടെ വളര്‍ന്നുവന്ന കളിക്കാരനാണ് സിജോമോന്‍ ജോസഫ്. മറ്റൊരു മലയാളി താരം ഡാരില്‍ എസ് ഫെരാരിയോ രണ്ടു വിക്കറ്റും വീഴ്ത്തി. ഡാരില്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയിരുന്നു.
238 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി എസ്. ലോകേശ്വര്‍ 92 റണ്‍സും ഡാരില്‍ എസ് ഫെരാരിയോ 37 റണ്‍സുമെടുത്തു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ചൊവ്വാഴ്ച നടക്കും.