ആധുനിക മാതാപിതാക്കളുടെ ജീവിതശൈലി, പഴയ കാലത്തേതിനേക്കാള്‍ വളരെ വ്യത്യസ്തമാണ്. പ്രത്യേകിച്ച് കുടുംബജീവിതത്തിന്റെ കാര്യത്തില്‍. കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുക, അവരെ വളര്‍ത്തുക എന്നതൊക്കെ ഇപ്പോഴത്തെ മാതാപിതാക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ്.
പ്രസവിച്ചാല്‍ ശരീര വടിവ് പോകും. കരിയര്‍ അവസാനിക്കും, ചെറിയ വരുമാനമുള്ളവരാണെങ്കില്‍ സാമ്പത്തികം തകരും തുടങ്ങി അനവധി നിരവധി പ്രശ്നങ്ങളാണ് അവരെ അലട്ടുന്നത്. എന്നാല്‍ അക്കൂട്ടര്‍ക്ക് ഒരു മാതൃകയും വഴികാട്ടിയുമാവുകയാണ് പ്രശസ്ത സിനിമാതാരം സിജോയ് വര്‍ഗീസ്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സിജോയ് വര്‍ഗീസ് തന്റെ ചെറിയ വലിയ കുടുംബത്തെക്കുറിച്ച് വാചാലനായത്. സിജോയ് വര്‍ഗീസിന്റെ വാക്കുകള്‍ ഇങ്ങനെ…
പ്രസവിച്ചാല്‍ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറില്‍ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരുതരും , ചെറിയ വരുമാനത്തില്‍ നിന്നെങ്ങനെ ഞാന്‍ വലിയ കുടുംബം പോറ്റും. ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍.
‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന കാഴ്പ്പാടല്ല എന്റേത്. ഈശ്വരന് തരുന്ന കുഞ്ഞിനെ പോറ്റാനുള്ള വകയും അദ്ദേഹം തരും.
എന്റെ വീടും വാഹനവും എന്റെ എന്തും നാളെ ഒരുപക്ഷെ എനിക്ക് നഷ്ടമായേക്കാം. എന്നാല്‍ അമ്പത് വര്‍ഷം കഴിഞ്ഞാലും എന്റെ മോന് എന്നെ അപ്പാ എന്നേ വിളിക്കൂ. ഞാന്‍ അവന് മോനേ എന്നും..ഭാര്യയും ഭര്‍ത്താവും പോലും അങ്ങനെയല്ല. വേര്പിരിഞ്ഞാല് അവര്‍ എക്സ് വൈഫും എക്സ് ഹസ്ബന്‍ഡുമായി മാറും.
മാതാപിതാക്കള്‍ക്ക് മക്കള്‍ മാത്രമാണ് സ്വത്ത്. എന്നെ സംബന്ധിച്ച് ധനം സമ്പാദിക്കുകയെന്നാല്‍ മക്കളെ സമ്പാദിക്കുക എന്നാണ്. എന്റെ അപ്പന് അഞ്ചുമക്കളുണ്ട്. അപ്പന്റെ പിതാവിനും അമ്മയുടെ പിതാവിനും പത്ത് മക്കള്‍ വീതം. ഞങ്ങളുടെ കുടുംബയോഗങ്ങള്‍ക്ക് പോകുമ്പോള്‍ കിട്ടുന്ന ത്രില്‍ പറഞ്ഞറിയിക്കാനാകില്ല.
വലിയ കുടുംബങ്ങളുടെ സന്തോഷം ഞാന്‍ കണ്ടിട്ടുണ്ട്. മക്കള്‍ കൂടുതലുള്ളതിന്റെ പേരില്‍ ആരും ദരിദ്രരായിട്ടില്ല. കൂടുതല്‍ മക്കളുള്ളതിനാല്‍ ദരിദ്രാകുന്നതിന് പകരം സമ്പന്നരാണ് ആകുന്നതെങ്കില്‍ സമ്പത്ത് എന്തിന് വേണ്ടെന്ന് വയ്ക്കണം. മക്കളില്‍ തന്നെ ചിലപ്പോള്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം കുറവായിരിക്കും. മറ്റൊരാള്‍ക്ക് ഉന്നത വിദ്യാഭ്യാസവും സമ്പത്തുമുണ്ടാകാം. എന്നാല്‍, ഭയപ്പെടേണ്ട. കുടുംബത്തില്‍ സഹോദരസ്നേഹമുണ്ടെങ്കില്‍ അവര്‍ പരസ്പരം സഹായിക്കും.
കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ അവരുടെ സ്വാതന്ത്ര്യം കുറയും. അതായത് വീട്ടില്‍ പത്തുകളിപ്പാട്ടമുണ്ടെങ്കില്‍ പത്തും എന്റേതാണെന്ന് ഒരു കുഞ്ഞിന് വിചാരിക്കാനാകില്ല. ഒരാള്‍ക്ക് ഒരു ചിത്രമാണെങ്കില്‍ മറ്റൊരാള്‍ക്ക് വേറെ ചിത്രം കാണാനാകും താത്പര്യം.
കുട്ടികള്‍ക്ക് തമ്മില്‍ ഇങ്ങനെ സ്വാഭാവികമായ ഫൈറ്റുണ്ടാകും. മാത്രമല്ല ഇതില്‍ നിന്ന് എല്ലാമെനിക്ക് കിട്ടില്ലെന്നും പലപ്പോഴും സാക്രിഫൈസ് ചെയ്യേണ്ടി വരുമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കുണ്ടാകും. മൂത്തമക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം എന്റെ വീട്ടിലില്ല. കാറിലെ സെന്റര്‍ സീറ്റിലിരിക്കാന്‍ ആര്‍ക്കും താത്പര്യമുണ്ടാകില്ല.
എല്ലാവര്ക്കും വശങ്ങളിലുള്ള സീറ്റുകളില്‍ ഇരിക്കാനാണ് ഇഷ്ടം. അതിനാല്‍ തന്നെ ദിവസങ്ങളനുസരിച്ച് ഓരോരുത്തര്‍ക്കുമായി സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഒരാള്‍, ചൊവ്വ വെള്ളി മറ്റൊരാള്‍, ബുധനും വ്യാഴവും വേറൊരാള് എന്നിങ്ങനെ സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കാറിലിരിക്കുമ്പോള്‍ അടിയില്ല. കാരണം ഇന്നാരാണ് സെന്ററിലിരിക്കേണ്ടത് എന്ന് എല്ലാവര്‍ക്കുമറിയാം.
കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ദമ്പതികള്‍ ശീലിക്കേണ്ട ഒരു പ്രധാന കാര്യത്തെക്കുറിച്ചും സിജോയ് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അതിങ്ങനെയാണ്, ഞാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ല. സാമൂഹ്യമാധ്യമങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതിനെ മറികടക്കാന്‍ ഒരു മാര്‍ഗം മാത്രം. സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൃത്യമായ ഒരു സമയക്രമം ഉണ്ടാക്കുക. അതിലേറെ സമയം സാമൂഹ്യമാധ്യമങ്ങളില്‍ ചെലവഴിച്ചാല്‍ അത് നമ്മളേയും കൊണ്ടേ പോകൂ.
കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സമയം സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുത്. ബെഡ്റൂമില്‍ വാട്സ് ആപ്പും ഫേസ്ബുക്കും ടിവിയും കയറ്റരുത്. നെറ്റില്ലാത്തപ്പോഴാണ് നാം കൂടുതല്‍ സംസാരിക്കുക. കുടുംബത്തിലെ പവിത്രമായ സ്ഥലമാണ് ബെഡ്റൂം.
സാമൂഹ്യമാധ്യമങ്ങളിലുള്ള വ്യാജസൗഹൃദങ്ങളുടെ പിന്നാലെ പോയി നിരവധിപ്പേര്‍ തങ്ങളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. ബുദ്ധിയുള്ളവര്‍ മറ്റുള്ളവരുടെ വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. മണ്ടന്മാര് സ്വന്തം ജീവിതത്തില്‍ ദുരന്തങ്ങള്‍ വരാന്‍ കാത്തിരിക്കും. അതേ സമയം നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ സാമൂഹ്യമാധ്യമങ്ങള്‍ വളരെ നല്ലതാണ്.
ഇന്ന് പലരും റോഡിലും പൊതുസ്ഥലങ്ങളിലും മാന്യമായി പെരുമാറുന്നതിന്റെ കാരണം പോലും സാമൂഹ്യമാധ്യമങ്ങളാണ്. കാരണം ഇന്നെല്ലാവര്‍ക്കും ലൈവിനെ പേടിയാണ്. ഒരു വാട്സ് ആപ്പ്മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുന്‍പ് എന്തിനത് ചെയ്യണമെന്ന് ഞാന്‍ ചിന്തിക്കും. അവന് ചിരിക്കുമോ, അതോ അവനെ വേദനിപ്പിക്കുമോ ,ഇത് രാജ്യസുരക്ഷയെ ബാധിക്കുമോ എന്നെല്ലാം ചിന്തിച്ച ശേഷം മാത്രമേ ഞാന്‍ ആ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യൂ…
നിര്‍ദോഷകരമായ ഫലിതങ്ങള്‍ മാത്രമേ ഞാന്‍ ഫോര്‍വേര്‍ഡ് ചെയ്യാറുള്ളൂ. അല്ലാത്തതെല്ലാം ഞാനെന്റെ മൊബൈലില്‍ തന്നെ കുഴിച്ചുമൂടും. മറ്റൊരാളെ നൊമ്പരപ്പെടുത്തുന്ന ഒന്നും ഞാന്‍ പോസ്റ്റ് ചെയ്യില്ല. കുടുംബാംഗങ്ങള്‍ക്കെല്ലാം പാസ് വേര്‍ഡുകള്‍ പരസ്പരം അറിയാമെങ്കില്‍ എല്ലാം എല്ലാവര്ക്കും ഓപ്പണാണെങ്കില്‍ ഒരു പ്രശ്നവുമില്ലെന്നും സിജോയി പറയുന്നു.