കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെത്തണം. കഠിനമായ വ്യായാമവും ആഹാര നിയന്ത്രണവും വരുത്തി. ഒപ്പം ആയോധന കലയിലും കുതിര ഓട്ടത്തിലുമെല്ലാം പരിശീലനം നേടി.
കഥാപാത്രമായി പൂര്‍ണ രൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയാല്‍ മതിയെന്നൊരു തീരുമാനം വിനയന് സാറിനും എനിക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ പൂജവരെ സസ്പെന്സാക്കിവച്ചിരുന്നത്.
പോസ്റ്റര്‍ റിലീസായതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണം ലഭിക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്’. മലയാളത്തിലെ യുവതാരം സിജു വില്‍സണ്‍ വാചാലനാവുകയാണ്.
വെള്ളിത്തിരയിലേക്ക് പുതിയൊരു ചരിത്ര നായകനെ അവതരിപ്പിക്കാനൊരുങ്ങുന്നതിന്റെ ആനന്ദവും അഭിമാനവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍.
വിനയന് സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ്ബജറ്റ് ചിത്രത്തിലെ കഥാപാത്രത്തിനായുള്ള തയാറെടുപ്പിനെയും സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളെയുംകുറിച്ച് സിജു വില്സന് പങ്കുവെയ്ക്കുന്നു…
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
വിനയന് സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ സമയത്താണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്.
തന്റെ ചുറ്റമുള്ള ലോകത്തിന്റെ വേദന ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചയാളാണ് വേലായുധപ്പണിക്കര്‍. അദ്ദേഹത്തെപ്പറ്റി നമ്മള് ചരിത്രത്തില്‍ കൂടുതലായി പഠിച്ചിട്ടില്ല.
വിനയന് സാർ പറയുന്നതുവരെ എനിക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ സമൂഹത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
അത് ഇന്നത്തെ തലമുറയും ഇനി വരുന്നവരും അറിയേണ്ടതാണ്. ആ ധീര ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ഞാനും പൂര്‍ണമായി മാറുകയായിരുന്നു. ഒരു നടന് എന്ന നിലയില്‍ അതെന്റെ ഭാഗ്യമായും കാണുന്നു.
സസ്പെന്‍സ് കഴിഞ്ഞു
ഓരോ സിനിമയിലും ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്തെങ്കിലും രീതിയിലുള്ള പുതുമ ഒരുക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. വേലായുധപ്പണിക്കരായി വളരെ പരിശീലനം ആവശ്യമുണ്ടായിരുന്നു.
ജിമ്മില്‍ പോയി ശാരീരികമായ മാറ്റം വരുത്തി. കളരി, വാള്‍പയറ്റ്, കുതിര സവാരി തുടങ്ങിയ പലവിധ പരിശീലനങ്ങള്‍ നടത്തി.
കഥാപാത്രത്തെക്കുറിച്ച് വിനയന് സാര്‍ പറഞ്ഞതിനു ശേഷം വര്‍ക്കൗട്ട് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്കു കോവിഡ് പിടികൂടി. പിന്നെ ഒന്നര മാസത്തോളം വിശ്രമം കഴിഞ്ഞാണ് വര്‍ക്കൗട്ട് ആരംഭിക്കുന്നത്. വീണ്ടും ആദ്യം മുതല്‍ ചെയ്തു.
പിന്നീട് കഴിഞ്ഞ നാലു മാസത്തോളമായി കഠിനമായ തയാറെടുപ്പിലായിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരികമായ പൂര്‍ണതയിലേക്ക് എത്തിച്ചേരുന്നതിനാണ് ഇതുവരെ സസ്പെന്‍സാക്കി വെച്ചിരുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഈ വാരം ചിത്രീകരണം ആരംഭിക്കും.
പ്രേക്ഷകരുടെ ഇഷ്ടം
അഭിനയമാണ് എന്റെ തൊഴില്‍. അതിനോടുള്ള ഇഷ്ടംകൊണ്ട് ഇവിടെയെത്തിയ ആളാണ് ഞാന്‍. പതിനൊന്നു വര്‍ഷത്തോളമായിരിക്കുന്നു. നായകനെന്നതിനെക്കാള് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കഥാപാത്രമായിരിക്കണം എന്നാണ് ചിന്തിച്ചിട്ടുള്ളത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു.
നായകനായി കുറച്ചു സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ മടുത്തിട്ടില്ലെന്നാണ് വിശ്വാസം. അതാകാം വിനയന് സാർ എന്നെ കാസ്റ്റ് ചെയ്തതിന്റെ കാരണവും.
മലയാളത്തിനു ഒരുപിടി നല്ല ചിത്രങ്ങള്‍ നല്കിയ സംവിധായകനാണ് വിനയന് സാര്‍. കലാഭവന്‍ മണിച്ചേട്ടനടക്കം ഒരുപിടി നടന്മാരുടെ കരിയറില്‍ വലിയ മാറ്റം സൃഷ്ടിച്ചയാളാണ്.
എന്നോട് പത്തൊമ്പതാം നൂറ്റാണ്ടിലെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. ഒപ്പം സാറിന്റെ പിന്തുണയും ലഭിച്ചപ്പോള്‍ എനിക്കും ആത്മ വിശ്വാസമുണ്ടായി. ഓരോ തവണത്തെ ചര്‍ച്ചയിലും കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുന്നതിനു വിനയന് സാറ് താങ്ങായി നിന്നു. പിന്നീട് ആ കഥാപാത്രത്തെക്കുറിച്ചു വളരെ ഗഹനമായി ഞാൻ വായിച്ചു.
നടന് എന്ന നിലയില്‍ നമ്മുടെ കരിയറില്‍ വല്ലപ്പോഴും മാത്രമാണ് ഇത്തരം കഥാപാത്രങ്ങളെത്തുന്നത്. അതിനോട് നൂറു ശതമാനം നീതിപുലര്‍ത്തേണ്ടതുണ്ട്. ഒരു പീരിഡ് മൂവിയാകുമ്പോള് ആ കാലഘട്ടത്തിലേക്കാണ് പ്രേക്ഷകരെ എത്തിക്കേണ്ടത്. അതിനായുള്ള വലിയ സജ്ജീകരണം പുരോഗമിക്കുകയാണ്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. വലിയ താരനിരയും മികച്ച ടെക്നീഷ്യന്മാരും ചിത്രത്തിലെത്തുന്നുണ്ട്. പാലക്കാട്, ചേര്‍ത്തല എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനാകുന്നത്.
പാന്‍ ഇന്ത്യാ ലെവലിലേക്ക്
അന്യ ഭാഷകളില്‍നിന്നും പാന്‍ ഇന്ത്യാ ലെവലിലുള്ള ചിത്രങ്ങള്‍ നിരവധി എത്തുന്നുണ്ട്. അതിനൊപ്പം മലയാളവും മാറുന്നതിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ അഭിമാനമുണ്ട്. മലയാളത്തില്‍നിന്നും അത്തരം വലിയ സിനിമകള്‍ ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വേലായുധപ്പണിക്കരെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങളുടെ ടീം. എന്റെ കരിയറിലും നാഴികക്കല്ലാകും ഈ കഥാപാത്രം.
അരങ്ങിലും അണിയറയിലും
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങിയവരും അഭിനയിക്കുന്നു. ഷാജികുമാറാണ് ഛായാഗ്രഹകൻ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീതം പകരുന്നു.
റിലീസ് ചിത്രങ്ങള്‍
ഈ കാലയളവില്‍ കുറച്ചു ചിത്രങ്ങള്‍ എന്നെ തേടിവന്നിരുന്നു. അതിന്റെ പിന്നണി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. അതില്‍ ചില കഥാപാത്രങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ചെയ്യണമെന്നു കരുതി ഹോള്‍ഡ് ചെയ്തുവെച്ചിട്ടുണ്ട്.
നൂറു ദിവസത്തോളം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനായി മാറ്റിവെയ്ക്കണം. അതിനു ശേഷമാകും പുതിയ ചിത്രങ്ങളിലേക്കു കടക്കുന്നത്.
മുന്‍പ് ഞാന്‍ അഭിനയിച്ച വരയന്‍, ഇന്നുമുതല്‍, ഉപചാരപൂര്‍വം ഗുണ്ടാ ജയന്, വാസന്തി എന്നീ നാലു സിനിമകള്‍ 2020-ല്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തേണ്ടതാണ്. വരും നാളുകളിലേക്ക് ഈ ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുകയാണ്. വരയനില്‍ വേറിട്ട ലുക്കില്‍ ഒരു കപ്പുച്ചിന്‍ വൈദികന്റെ വേഷത്തിലാണ് എത്തുന്നത്.
ലിജിൻ കെ. ഈപ്പൻ