കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനുമായി ചാറ്റു ചെയ്തവരെ വിളിച്ചുവരുത്താനുള്ള തയാറെടുപ്പിൽ അന്വേഷണ സംഘം.
സൈജുവിന്റെ ഫോണില്‍നിന്ന് വീണ്ടെടുത്ത ചാറ്റുകളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. വന്പൻമാർ ഉൾപ്പെടെയുള്ളവരുമായി സൈജു ചാറ്റ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള വിവരങ്ങളാണ് ചാറ്റിൽനിന്നും ലഭിച്ചിരിക്കുന്നത്. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പോലീസ് നമ്മ ആള്
പോലീസ് ഉദ്യോഗസ്ഥരമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സാധൂകരിക്കുന്ന ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും അന്വേഷണത്തില്‍ കണ്ടെത്തി.
ആലപ്പുഴ മാരാരിക്കുളത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്‍സ്റ്റഗ്രാം ചാറ്റില്‍ “പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു പറയുന്നുണ്ട്.
സ്ത്രീകളുടെ ശരീരത്തിൽ എംഡിഎംഎ കൊണ്ട് ചിത്രങ്ങൾ
മറ്റൊരു സ്ത്രീയുമായുള്ള ചാറ്റിലാണ് വനത്തില്‍ കയറി വാറ്റി കാട്ടുപോത്തിനെ കറിവച്ചെന്നു പറയുന്നത്.
ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ക്വാര്‍ട്ടേഴ്സില്‍ പാര്‍ട്ടി ഉണ്ടെന്നും തലയില്‍ മുണ്ടിട്ട് നാട്ടുകാര്‍ കാണാതെ വന്നാല്‍ മതിയെന്നും ഇയാള്‍ സ്ത്രീയോട് പറയുന്ന സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെത്തി.
പലയിടങ്ങളിലായി നടന്ന വിവിധ പാര്‍ട്ടികള്‍ക്കിടെ സ്ത്രീകളടക്കമുള്ളവരുടെ ശരീരത്തില്‍ കഞ്ചാവ്, എംഡിഎംഎ എന്നിവകൊണ്ട് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളും സൈജുവിന്റെ ഫോണിലുണ്ട്.
ഇയാളുടെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്.
മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും എംഡിഎംഎയാണിതെന്നും സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സൈജുവുമായി ബന്ധപ്പെട്ടവരെ മുഴുവനും അന്വേഷണ സംഘം ചോദ്യം ചെയ്യും.
കാട്ടുപോത്ത് കറി; റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറും
സൈജുവിന്റെ ഫോണില്‍ നിന്ന് കാട്ടുപോത്തിന് കറിവച്ചു കഴിച്ചുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് വനംവകുപ്പിന് കൈമാറും.
സമാന രീതിയുള്ള ഒരു സംഭവം കഴിഞ്ഞ ജൂലൈയില്‍ പത്തനാപുരത്ത് നടക്കുകയുണ്ടായി. അന്ന് കാട്ടുപോത്തിനെ കറിവച്ചു കഴിച്ച 25 പേര്‍ക്കെതിരേ കേസ് എടുത്തിരുന്നു.
ഇവരില്‍നിന്ന് തോക്കും പിടിച്ചെടുക്കുകയുണ്ടായി. കേസില്‍ പ്രധാന പ്രതികളായി എട്ടു പേര്‍ക്കെതിരേ കേസ് എടുത്തിരുന്നു. ഈ കേസില്‍ സൈജുവിനു പങ്കുണ്ടോയെന്നും അന്വേഷിക്കും.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
സൈജുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി വില്പനയില് ഇയാളുടെ അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം എത്തിയിരിക്കാമെന്നാണ് പോലീസ് നിഗമനം.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അ്ന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.
തങ്ങാന്‍ മുറിയൊരുക്കാം
സൈജുവും ഹോട്ടലുടമ റോയി ജോസഫ് വയലാട്ടും മോഡലുകളെ സമീപിച്ചത് ദുരുദേശ്യത്തോടെയായിരുന്നുവെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു.
പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പെണ്‍കുട്ടികള്‍ക്ക് തങ്ങാന്‍ മുറിയൊരുക്കാം എന്ന് സൈജു അറിയിച്ചിരുന്നു.
അതില്‍ വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ പെണ്‍കുട്ടികളെ പിന്തുടരുകയായിരുന്നു. കുണ്ടന്നൂരില്‍ വച്ചും വാഹനം തടഞ്ഞ് ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചുവെന്നാണ് നിഗമനം.
സൈജു പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മരിച്ച മൂന്ന് പേരും ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പ്രോസിക്യുഷന് കോടതിയെ ബോധിപ്പിക്കുകയുണ്ടായി.