കോൽക്കത്ത: മാനന്തവാടിക്ക് പിന്നാലെ “സ്ഥാനാർഥി’യോട് ആലോചിക്കാതെ സ്ഥാനാർഥിയാക്കി ബിജെപി അങ്ങ് ബംഗാളിലും പുലിവാല് പിടിച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൽക്കത്ത ചൗരംഗി മണ്ഡലത്തിലാണ് ബിജെപിക്ക് മറ്റൊരു തിരിച്ചടി നേരിട്ടത്.
അന്തരിച്ച കോൺഗ്രസ് നേതാവ് സമൻ മിത്രയുടെ ഭാര്യ ശിഖ മിത്രയാണ് എതിർപ്പുമായി രംഗത്തെത്തിയത്.
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലാണ് ശിഖയുടെ പേര് ഉൾപ്പെട്ടത്. തന്റെ അനുമതിയില്ലാതെയാണ് സ്ഥാനാർഥിയാക്കിയതെന്ന് ശിഖ പറഞ്ഞു. താൻ മത്സരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എവിടെ നിന്നും മത്സരിക്കാനില്ല. തന്റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചത്.
അതു മാത്രമല്ല ബിജെപിയിലേക്ക് ഇല്ലെന്നും ശിഖ വാർത്താ ഏജൻസിയായ ശിഖ പറഞ്ഞു. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ശിഖ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് അവർ ബിജെപിയിൽ ചേരുന്നതായി അഭ്യൂഹങ്ങൾ പരന്നത്. നേരത്തെ വയനാട്ടിലെ മാനന്തവാടിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.
പട്ടികവര്‍ഗ സംവരണമണ്ഡലമായ മാനന്തവാടിയില്‍ ബിജെപി പട്ടികയില്‍ ഉള്പെടുത്തിയ സി. മണികണ്ഠന് ആണ് തന്നെ അറിയിക്കാതെ സ്ഥാനാര്‍ഥിയാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മത്സരത്തില്‍നിന്നു പിന്‍വാങ്ങിയത്.
പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ സി. മണികണ്ഠന്.
മണികണ്ഠന്റെ ഫെയ്സ്ബുക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന് എന്ന പേരാണു ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നത്.
പട്ടിക വന്നപ്പോള്‍ ഔദ്യോഗികപേര് അല്ലാതിരുന്നതിനാല്‍ മറ്റാരോ ആണു സ്ഥാനാര്‍ഥിയെന്നു കരുതിയെന്ന് മണികണ്ഠന് പറഞ്ഞു.