കൊല്ലം :ജയ്പ്പൂരില്‍ കൊതുകുജന്യ രോഗമായ സിക്കാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്.
രോഗബാധിതരില്‍ നിന്നും രക്തം സ്വീകരിക്കുക, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിങ്ങനെയും ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.പനി, തലവേദന, ശരീരവേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്ത് തിണര്‍പ്പ്, കണ്ണിന് ചുവപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. നാഡിവ്യൂഹ സംബന്ധിയായ തളര്‍ച്ചയും ഉണ്ടാകാന്‍ ഇടയുണ്ട്.
ആര്.ടി.പി.സി.ആര് ടെസ്റ്റുവഴി രോഗം സ്ഥിരീകരിക്കാം.നിര്‍ജലീകരണം ഒഴിവാക്കാനും പനി കുറയ്ക്കാനും വിശ്രമത്തോടൊപ്പം ലഘുപാനീയങ്ങള്‍ കുടിക്കണം. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രണ്ടാഴ്ച്ചയ്ക്കകം പനി വരുന്നുണ്ടെങ്കില്‍ സിക്കാ വൈറസ് രോഗം സംശയിക്കാം.
കൊതുകു നിയന്ത്രണം ഊര്‍ജ്ജിതപ്പെടുത്തുകയും. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുകയും വേണം. കൊതുകുവല, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയും സ്വീകരിക്കണം. കൊതുകു നിര്‍മാര്‍ജ്ജനത്തിനായി ഉറവിട നശീകരണം, സ്പ്രേയിംഗ്, ഫോഗിംഗ് എന്നിവ ഊര്‍ജിതപ്പെടുത്തണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.