സിക്കിമിൽ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇത് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. 23 സൈനികരെ കാണാതായതായ് റിപ്പോർട്ട്. പ്രദേശത്ത് സൈനികർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ നദി 15 മുതൽ 20 അടി വരെ ഉയരത്തിൽ കരകവിഞ്ഞൊഴുകി. ടീസ്റ്റ നദിക്കടുത്തുള്ള റോഡിന്റെ വലിയൊരു ഭാഗം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തിയ വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ സിക്കിമിന്റെ വടക്ക് കിഴക്കൻ ജില്ലകളിൽ നേരത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാത്രി മുതൽ സിക്കിമിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്. മേഘ വിസ്ഫോടനത്തിന് ശേഷം നദിയിലെ ജലനിരപ്പ് നിരന്തരം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗസോൾഡോബ, ഡൊമോഹാനി, മെഖലിഗഞ്ച്, ഗിഷ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെ ഇത് ബാധിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കൻ സിക്കിമിലെ ചുങ്താങ് പട്ടണത്തെ ചുറ്റുപാടുമുള്ള പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നഗരത്തിലേക്കുള്ള കണക്ഷനും ബാധിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പൊതു സ്വത്തിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സിങ്താമിൽ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും സിങ്തം സന്ദർശിച്ച മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു.
എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ താഴ്ന്ന പ്രദേശങ്ങളിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ടീസ്റ്റ നദിയുടെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതത്വം ഉറപ്പാക്കാൻ വീടുകളിൽ നിന്ന് ഒഴിയാനും നിർദേശം നൽകി.
ഇന്നലെ മുതൽ ദക്ഷിണ സിക്കിമിലെ നാംചിയിലും നംതാങ്ങിലും 98.0 മില്ലീമീറ്ററും 90.5 മില്ലീമീറ്ററും മഴ ലഭിച്ചു. കിഴക്കൻ, പടിഞ്ഞാറൻ സിക്കിമിലെ പ്രദേശങ്ങളിലും മിതമായ മഴ ലഭിച്ചു. അടുത്ത 3-4 ദിവസങ്ങളിൽ സിക്കിമിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നെന്നും കാലാവസ്ഥാ ഓഫീസ് ട്വീറ്റിൽ പറഞ്ഞു.