സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 19 ആയി ഉയർന്നതായ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കരസേനയുടെയും എൻഡിആർഎഫിന്റെയും ടീമുകൾ ഒഴുകിപ്പോയവരെയും കാണാതായവരെയും തിരയുന്നതിനായി മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
ബുധനാഴ്ച പുലർച്ചെ വടക്കൻ സിക്കിമിലെ ലൊണാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് 103 പേരെയാണ് കാണാതായത്. വിദേശികളടക്കം 3000 വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇന്ത്യൻ സൈന്യം ടെലികമ്മ്യൂണിക്കേഷൻ സൗകര്യം സജീവമാക്കി ആശങ്കാകുലരായ കുടുംബാംഗങ്ങളോട് സംസാരിക്കാൻ വിനോദസഞ്ചാരികളെ സഹായിച്ചു. ഒറ്റപ്പെട്ട വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകിയത്. അവരെ വിമാനമാർഗം മാംഗാനിലേക്ക് കൊണ്ടുപോകാനും അവിടെ നിന്ന് റോഡ് മാർഗം സിക്കിമിലെത്തിക്കാനുമാണ് തീരുമാനം.
പ്രളയത്തിൽ സംസ്ഥാനത്ത് 11 പാലങ്ങൾ തകർന്നു. ഇതിൽ മംഗൻ ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. നാംചിയിൽ രണ്ട് പാലങ്ങളും ഗാംഗ്ടോക്കിൽ ഒരു പാലവുമാണ് തകർന്നത്. നാശനഷ്ടമുണ്ടായ നാല് ജില്ലകളിലായി ജല പൈപ്പ് ലൈനുകളും ഉൾപ്പെടെ 277 വീടുകളും നശിച്ചു.