മലപ്പുറം: ഡ്യൂട്ടിക്കിടെ എസ്ഐക്ക് ദേശീയപാതയിൽ വച്ച് യാത്രയയപ്പ്. മലപ്പുറം ട്രാഫിക് എസ്ഐ കെ.വി.കുര്യന്റെ യാത്രയയപ്പാണ് വേറിട്ട ചടങ്ങായി മാറിയത്. മലപ്പുറം -പാലക്കാട് ദേശീയപാതയിൽ, സുരക്ഷിത അകലം പാലിച്ച് സഹപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഡിവൈഎസ്പി ജലീൽ തോട്ടത്തിലിൽ നിന്നു പൂച്ചെണ്ട് ഏറ്റുവാങ്ങി അവസാന സല്യൂട്ട് സ്വീകരിക്കുന്പോൾ കുര്യന്റെ മിഴികൾ നിറഞ്ഞിരുന്നു. കൂട്ടിലങ്ങാടി പോലീസ് ചെക്കിംഗ് പോസ്റ്റിലായിരുന്നു കുര്യന്റെ സർവീസിലെ അവസാനത്തെ ഡ്യൂട്ടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്.
1990ലാണ് കുര്യൻ മലപ്പുറം എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്നു എട്ടുമാസം മുന്പാണ് മലപ്പുറം ട്രാഫിക്കിലേക്ക് മാറിയത്. ആദ്യമായി കാക്കിയണിഞ്ഞ ദിവസം ഇപ്പോഴും ഓർമയിലുണ്ടെന്നു കുര്യൻ പറയുന്നു.
ഇപ്പോൾ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ രാവും പകലും റോഡിൽ ഡ്യൂട്ടിയിലായിരുന്നു കുര്യൻ. എന്നാൽ ജോലിക്കിടെ റോഡിൽവച്ച് വിരമിക്കുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും മാത്രമേയുള്ളു അദ്ദേഹം പറഞ്ഞു.
ഇനിയും 200ഓളം അവധികൾ കുര്യനു ബാക്കിയുണ്ട്. ഈ മാസം ഓഫ് എടുത്തത് ഒരുദിവസം മാത്രം. കുര്യൻ ട്രാഫിക്കിലേക്കു വന്ന കാലയളവിൽ മലപ്പുറം ട്രാഫിക് സ്റ്റേഷന്റെ മുഖം തന്നെ മാറി. മുന്നിലെ തൊണ്ടിവാഹനങ്ങൾ നീക്കം ചെയ്തു പൂന്തോട്ടം വച്ചുപിടിച്ചു ട്രാഫിക് സ്റ്റേഷന്റെ നവീകരണവും കേമമായി നടത്തി.
പാലക്കാട്, തൃശൂർ ജില്ലകളിലും കുര്യൻ ജോലി ചെയ്തിട്ടുണ്ട്. അങ്ങാടിപ്പുറം വലന്പൂർ സ്വദേശിയാണ്. ഭാര്യ സൂസൻ.
മക്കളായ സച്ചിനും അജിനും മർച്ചന്റ് നേവി ഉദ്യോഗസ്ഥരാണ്. സഹോദരി ലിസിയാമ്മ പെരിന്തൽമണ്ണ പിങ്ക് പോലീസിൽ സേവനമനുഷ്ഠിക്കുന്നു.