സ്വന്തം ലേഖകന്‍
പേരാന്പ്ര(കോഴിക്കോട്): വില്ലേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ചെമ്പനോട കാട്ടിക്കുളം സ്വദേശി കാവില്‍പുരയിടത്തില്‍ ജോയി( 58) ചെന്പനോട വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ചെമ്പനോടയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി. പേരാമ്പ്ര സിഐ കെ.പി. സുനില്‍കുമാറിനു മുന്‍പാകെയാണ് രാത്രി 11 ഓടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ സലീഷ് തോമസ് കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ സലീഷ് ഒളിവില്‍പോകുകയായിരുന്നു.
വയനാട്ടിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് കീഴടങ്ങാൻ തയാറായത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോയി ആത്മഹത്യചെയ്ത് തൊട്ടടുത്ത ദിവസം തന്നെ ഇയാളെ ജില്ലാ കളക്ടര്‍ യു.വി.ജോസ് സസ്പപെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സനീഷിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വ്യക്തമാകുകയും, ജോയിയുടെ കത്തിലെ പരാമർശമനുസരിച്ച് ആത്മഹത്യാപ്രേരണകുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. സനീഷിനൊപ്പം ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ സണ്ണിയെയും അന്വേഷണ വിധേയമായി സസ്്പെന്‍ഡ് ചെയ്തിരുന്നു.
താന്‍ റവന്യൂ വകുപ്പില്‍ ഉള്ളിടത്തോളം കാലം ജോയിയുടെ ഭൂനികുതി സ്വീകരിക്കില്ലെന്ന് സിലീഷ് വെല്ലുവിളി നടത്തിയതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍ നിന്നു കണ്ടെടുത്ത ജോയിയുടെ ആത്മഹത്യാകുറിപ്പ് ഭാര്യ മോളി ജോയി മരണപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ പേരാമ്പ്ര സിഐക്കു കൈമാറിയിരുന്നു. ഇതിനു ശേഷമാണ് സിലീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
പൂഴിത്തോട് മാവട്ടം റോഡിലെ സിനീഷിന്റെ ’തൈക്കടുപ്പില്‍’ വീട്ടില്‍ നിരവധി തവണ റെയ്ഡ് നടത്തിയെങ്കിലും പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. ഇയാള്‍ വയനാട്ടിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അവിടെയും റെയ്ഡ് നടത്തിയെങ്കിലും അവിടെ നിന്നും മുങ്ങി. അതിനുശേഷമാണ് ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്.
യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷനില്‍ അംഗമായിയുന്ന സിലീഷ് പീന്നീട് ഭരണം മാറിയപ്പോള്‍ സിപിഐ അനുകൂല സംഘടനായായ ജോയിന്റ് കൗണ്‍സിലില്‍ ചേര്‍ന്നു. ഭരിക്കുന്നവര്‍ക്കൊപ്പം നിന്ന് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തനിക്ക് അനുകൂലമായ നിലപാടെടുപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതിയെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്കി.അതേസമയം ജോയിയുടെ സഹോദരന് ജിമ്മി സിലീഷിനൊപ്പം ചേര്‍ന്ന് ഒത്തുകളിച്ചതുമൂലമാണ് തന്റെ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതെന്ന് കത്തിലുള്ളതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ചില നാട്ടുകാരും ജിമ്മിക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജിമ്മിയേയും കേസില്‍ പ്രതി ചേര്‍ത്തേക്കും. അതേ സമയം, തനിക്ക് ജോയിയുമായി മാനസിക അകല്‍ച്ച ഉണ്ടായിരുന്നതല്ലാതെ നികുതി കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് ജിമ്മിയുടെ നിലപാട്.