സിജോ പൈനാടത്ത്
കൊച്ചി: ക്രിസ്മസ് സ്മൃതികളിലെ അനശ്വര ഈണത്തിനു ഇന്ന് ഇരുനൂറു വയസ്. സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്നാരംഭിക്കുന്ന വിഖ്യാത ക്രിസ്മസ് കരോൾ ഗാനം പിറന്നത് 1818 ഡിസംബർ 24ന്.
ഓസ്ട്രിയയിലെ ഓബ്ൻഡോർഫ് എന്ന ഗ്രാമത്തിൽ സെന്റ് നിക്കൊളാവോസ് പള്ളിയിലാണു (ഇപ്പോൾ സൈലന്റ് നൈറ്റ് ചാപ്പൽ) സൈലന്റ് നൈറ്റ് ആദ്യം ആലപിക്കപ്പെട്ടത്. ഫ്രാൻസ് സേവ്യർ ഗ്രൂബർ ഈണം നൽകിയ ഗാനത്തിന്റെ വരികൾ എഴുതിയത് സെന്റ് നിക്കൊളാവോസ് പള്ളിയിലെ വൈദികനായിരുന്ന ഫാ. ജോസഫ് മൊഹ്ർ. ജർമൻ ഭാഷയിലാണു ഗാനം ആദ്യം എഴുതപ്പെട്ടത്.
ശേഷം മലയാളം ഉൾപ്പടെ മുന്നൂറോളം ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു. കോടിക്കണക്കിനാളുകൾ ഏറ്റുപാടി സൈലന്റ് നൈറ്റ് ഹോളി നൈറ്റ്. ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ക്രിസ്മസ് ഗാനമെന്ന റിക്കാർഡും ഇതിനാണ്.
1818 ലെ ക്രിസ്മസ് പാതിരാക്കുർബാനയിൽ ആലപിക്കാൻ പുതിയ ഗാനത്തിനായുള്ള അന്വേഷണമാണു സൈലന്റ് നൈറ്റിന്റെ പിറവിയിലേക്കു നയിച്ചത്. പലതവണയായി ഡയറിയിൽ കുറിച്ചുവച്ച വരികൾ ഗാനരൂപത്തിലാക്കാൻ പള്ളിയിലെ ഓർഗൻ വാദകനായിരുന്ന ഫ്രാൻസ് സേവ്യർ ഗ്രൂബറിനെ ഏൽപിക്കുകയായിരുന്നു.
രണ്ടു ദിവസത്തെ പരിശീലനത്തിനൊടുവിലാണു ക്രിസ്മസ് രാവിൽ പാടാൻ പള്ളിയിലെ കുട്ടികളുൾപ്പെടുന്ന ഗായകസംഘം സജ്ജമായത്. ആലാപനത്തിനു തൊട്ടുമുന്പ് ഓർഗൻ പണിമുടക്കി. കൂടുതൽ വാദ്യോപകരണങ്ങളുടെ അകന്പടിയില്ലാതെ ഗിറ്റാറിന്റെ താളത്തിലാണു വിഖ്യാത ഗാനം ആദ്യമായി ആലപിക്കപ്പെട്ടത്.
ആലാപനത്തിനും ഫാ. ജോസഫ് മൊഹ്റും ഫ്രാൻസ് സേവ്യർ ഗ്രൂബറും ഉണ്ടായിരുന്നു. ഇവർ പാടിക്കൊടുത്ത വരികൾ കുട്ടികൾ ഏറ്റുപാടി. പാട്ടിന്റെയും ക്രിസ്മസിന്റെയും ചരിത്രത്തിൽ ഇടംനേടിയ മനോഹരഗാനത്തിന്റെ പിറവി.
ക്രിസ്തുവിന്റെ പിറവിയിൽ മാലാഖമാരുടെ സംഗീതം ആട്ടിടയർ ഉൾപ്പടെ ഗ്രാമവാസികൾ ആദ്യം കേട്ടതുപോലെ, ക്രിസ്മസിനെക്കുറിച്ചുള്ള ഈ വിഖ്യാതഗാനം ആദ്യം കേട്ടതും ഓബ്ൻഡോർഫിലെ ഗ്രാമവാസികളായിരുന്നു.
ശേഷം ലോകമെങ്ങും കോടിക്കണക്കിനാളുകൾ അതു കേട്ടു, ഏറ്റുപാടി. 1859 ൽ ന്യൂയോർക്ക് സിറ്റിയിലെ ട്രിനിറ്റി പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. ജോണ് ഫ്രീമാൻ യംഗാണു സൈലന്റ് നൈറ്റിന്റെ ഇംഗ്ലീഷ് തർജമ തയാറാക്കിയത്.