കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഫോട്ടോ ആല്‍ബം തിരയുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് സിലിയും ഭര്‍ത്താവ് ഷാജുവും ജോളിയും പങ്കെടുത്ത താമരശേരിയിലെ വിവാഹത്തിന്റെ ആല്‍ബമാണ് പോലീസ് അന്വേഷിക്കുന്നത്.
ജോളിയും സിലിയും അടുത്തടുത്തിരുന്നാണ് അന്ന് ഭക്ഷണം കഴിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തൊട്ടടുത്തിരുന്ന സിലിയുടെ ഭക്ഷണത്തിൽ സയനൈഡ് വിതറിയാതാവുമെന്ന് പോലീസിന് സംശയമുണ്ട്. ഈ വിവാഹത്തിന് ശേഷമാണ് ഷാജുവിന്റെ പരിശോധനയ്ക്കായി താമരശേരിയിലെ ദന്താശുപത്രിയിലെത്തിയത്.
ഇവിടെ വച്ചാണ് സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീഴുന്നത്. മടിയിൽ കിടന്ന് ശ്വാസം മുട്ടി ബുദ്ധിമുട്ടുന്നതിനിടെ സിലിയുടെ വായിലേക്ക് സയനൈഡ് ചേർത്ത കുപ്പിവെള്ളം ജോളി ഒഴിച്ചിരുന്നു. കഴിഞ്ഞ ദിവസം ജോളിയെ ആശുപത്രിയിലും സിലിയുടെ ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലും എത്തിച്ച് തെളിവെടുത്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഷാജുവിനേയും പിതാവ് സക്കറിയാസിനേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ഇന്നലെ സിലിയുടെ ബന്ധു മുറംപാത്തി വലിയമറ്റം വീട്ടിൽ വി.ഡി.സേവ്യറിന്റെ വീട്ടിലും അന്വേഷണസംഘം എത്തി വിവരങ്ങള്‍ അന്വേഷിച്ചു.
സിലി കുഴഞ്ഞുവീണ താമരശേരിയിലെ ദന്താശുപത്രി, പിന്നീട് എത്തിച്ച ഓമശേരി ശാന്തി ആശുപത്രി എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. ഓമശേരി ആശുപത്രിയിലെ സിലിയുടെ ചികിത്സാ രേഖകൾ അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽതന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം സിലിയെ ഷാജു സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ചിരുന്നതായി ഒരു ബന്ധു ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. തിരുവമ്പാടി ഇന്‍സ്പക്ടര്‍ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 2016 ജനുവരി 11 നാണ് സിലി മരിച്ചത്.