കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പിഞ്ചുകുഞ്ഞ് ആല്‍ഫൈനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളി എന്ന ജോളിയമ്മ ജോസഫി(47)ന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
അറസ്റ്റിന് അനുമതി തേടി തിരുവമ്പാടി ഇന്‍സ്പക്ടര്‍ ഷിജു ജോസഫ് ഇന്നലെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിൽ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി അനുമതിയോടെ ഈ കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി നാളെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. അറസ്റ്റിന് ശേഷം ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കും.
അതേസമയം സിലി വധകേസിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന്ന് മുഖ്യപ്രതി ജോളിയെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ആറുദിവസത്തെ തെളിവെടുപ്പിലും ചോദ്യംചെയ്യലിലും സിലി വധക്കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും മൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം ഇന്നലെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ജോളിയെ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
സിലി വധക്കേസില്‍ നവംബര്‍ നാലുവരെയാണ് ജോളിയുടെ റിമാന്‍ഡ് കാലാവധി. ഈ സാഹചര്യത്തിലാണ് ആല്ഫൈന് കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആല്ഫൈന് കേസില്‍ ജോളിക്കുപുറമെ സയനൈഡ് എത്തിച്ചുനല്‍കിയ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിന് സയനൈഡ് നല്കിയ പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാർ48) എന്നിവരേയും കസ്റ്റഡിയില്‍ വാങ്ങിയേക്കും .
കേസ് പരിഗണിക്കേണ്ട താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിലെ മജിസ്ട്രേറ്റുമാർ ജുഡീഷല്‍ നടപടിക്രമവുമായി ബന്ധപ്പെട്ട അവധിയായതിനാലാണ് കൊയിലാണ്ടി കോടതി കേസ് പരിഗണിച്ചത്. അതേസമയം സൗജന്യ നിയമസഹായമൊരുക്കുന്നതിനായി കോടതി നിയോഗിച്ച അഭിഭാഷകന് കെ.ഹൈദര്‍ ജോളിക്കുവേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ നല്കി.കഴിഞ്ഞ 20 ദിവസമായി നിരന്തരം ചോദ്യംചെയ്തിട്ടും പോലീസിന് കാര്യമായ തെളിവുകൾ ലഭിച്ചില്ലെന്നും ആറുകേസുകളും ഒറ്റകേസായി പരിഗണിക്കണമെന്നും ജോളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.