കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മാതാപിതാക്കൾക്കെതിരേ ആഞ്ഞടിച്ച് സിലിയുടെ ബന്ധുക്കൾ. വെള്ളിയാഴ്ച വടകര തീരദേശ പോലീസ് സ്റ്റേഷനിൽ മൊഴിനൽകിയപ്പോഴാണ് സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സ് എന്നിവർ ഷാജുവിന്റെ മാതാപിതാക്കളായ പൊന്നാമറ്റം പി.ടി.സക്കറിയാസ് മാസ്റ്റർ,ഭാര്യ ഫിലോമിന എന്നിവർക്കെതിരേ ശക്തമായ വെളിപ്പെടുത്തൽ നടത്തിയത്.
ഇവർ അറിയാതെ സിലിയെ ജോളി കൊലപ്പെടുത്തില്ലെന്നും മരണശേഷം സിലിയുടെ ആഭരണങ്ങൾ ആരും തട്ടിയെടുക്കില്ലെന്നും ബന്ധുക്കൾ മൊഴിനൽകി. സിലി മരിച്ചതിന്റെ രണ്ടാംനാൾ ഷാജുവിന്റെ അമ്മ ഫിലോമിനയും ജോളിയും ചേർന്ന് തിടുക്കത്തിൽ സിലിയുടെ അലമാര വൃത്തിയാക്കിയത് കണ്ടിരുന്നു.
അന്ന് ഫിലോമിനയും ജോളിയും ചേർന്ന് സിലിയുടെ ആഭരണങ്ങൾ മാറ്റിയിട്ടുണ്ടാകാം. ഷാജുവിന്റെ പിതാവ് സക്കറിയാസ് അറിയാതെ സ്വർണകൈമാറ്റം നടക്കില്ല. സക്കറിയാസും ഫിലോമിനയും അറിയാതെ ആവീട്ടിൽ ഒന്നും നടക്കില്ല. സക്കറിയാസിന്റെ സഹോദരപുത്രനായ റോയിയുടെ ഭാര്യയായ ജോളിക്ക് സക്കറിയാസിന്റെ വീട്ടിൽ വലിയ സ്വീകാര്യതയുണ്ടായിരുന്നു.
സക്കറിയാസ് ആദ്യംമുതലെ റോയ് തോമസിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ആ വീട്ടിൽ സക്കറിയാസ് എത്തുന്നതിനെ സഹോദരൻ ടോം തോമസ് എതിർത്തതോടെയാണ് ജോളി സക്കറിയാസിന്റെ പുലിക്കയത്ത് വീട്ടിൽ പതിവുസന്ദർശകയായത്. ജോളി വീട്ടിലെത്തുന്പോഴെല്ലാം നല്ല ഭക്ഷണം നൽകണമെന്ന്പറഞ്ഞ് മാതാപിതാക്കൾ സിലിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സിലിയെ ഭ്രാന്തിയാക്കി ചിത്രീകരിക്കാൻ സക്കറിയാസ് മാസ്റ്ററാണ് മുന്നിട്ടിറങ്ങിയത്.
ജോളിയുടെ സാന്നിധ്യം ആ വീട്ടിലുണ്ടായതുമുതൽ സിലിക്കുനേരെ ഫിലോമിന പീഡനം ആരംഭിച്ചു. ഇത് സക്കറിയാസിന്റെയും ജോളിയുടെയും പ്രേരണകൊണ്ടാവാം. സിലി തൊടുന്നതിലെല്ലാം ഫിലോമിന കുറ്റം ആരോപിച്ച് വഴക്കിടുമായിരുന്നു. സിലി സ്വന്തം വീട്ടിൽനിന്ന് കൊണ്ടുവന്ന ചെടികൾ പുലിക്കയത്തെ വീടിനുമുന്നിൽ നട്ടപ്പോൾ ഫിലോമിന ഓടിയെത്തി അത് പിഴുതുകളഞ്ഞു. പീഡനങ്ങളെക്കുറിച്ച് സിലി പലപ്പോഴും കരഞ്ഞുകൊണ്ടാണ് തങ്ങളോടു പറഞ്ഞിരുന്നതെന്നും ഇവർ മൊഴിനൽകി.