കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി ജോളിയും ഭര്‍ത്താവ് ഷാജുവും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. ഷാജുവിന്റെ ആദ്യഭാര്യ സിലിക്ക് ഇരുവരും അന്ത്യചുംബനം ഒരുമിച്ചു നല്‍കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി ഷാജു രംഗത്തുവന്നു.
ഷാജുവും ജോളിയുമായി നേരത്തെ ബന്ധമുണ്ടെന്ന് കൂടത്തായിയില്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഈ ചിത്രങ്ങള്‍. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലേക്കും പിന്നീട് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലേക്കും നയിച്ചത് ഇരുവരും തമ്മിലുള്ള ബന്ധമാണെന്നാണ് ആരോപണം.
ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ടെന്നും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയാണ് ഈ രണ്ടു കൊലപാതകങ്ങള്‍ നടത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇരുവരും തമ്മിലുള്ള അടുപ്പം വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.
എന്നാല്‍ ഈ ചിത്രങ്ങളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. തനിക്കു കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഷാജു പറഞ്ഞു.
നേരത്തെ കൊലപാതകങ്ങളില്‍ ഷാജുവിന് പങ്കുണ്ടെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ടു ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍ ഷാജു കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച ഷാജു ഇപ്പോള്‍ തന്നെ കുടുക്കാന്‍ ജോളി ശ്രമിക്കുകയാണെന്ന് ആരോപിക്കുന്നു.
എന്നാല്‍ ജോളിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ ഇതു പുറത്തുപറയുന്നതില്‍ നിന്ന് ഷാജുവിനെ പിന്തിരിപ്പിച്ചത് മരണഭയമാണോയെന്നും അന്വേഷിക്കുന്നുണ്ട്.
സിലിയുടെ മരണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ജോളിയും ഷാജുവും വിവാഹിതരായിരുന്നു. സിലിയുടെ മരണം നടന്ന് ഒരു വര്‍ഷം തികയുന്നതിനു മുന്പായിുന്നു ഈ വിവാഹം. വിവാഹത്തിന് മുന്‍കൈയ്യെടുത്തത് ജോളിയാണ്.
വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ജോളി ഈ വിവാഹത്തിനു തിടുക്കം കാട്ടിയതെന്നും ജോളിയോട് അടുപ്പമുള്ള ചില ബന്ധുക്കളെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ട്. സിലിയുടെ ബന്ധുക്കളും ഇവരുടെ വിവാഹത്തിന് എതിരായിരുന്നു.
എന്നാല്‍ റോയിയുടെ ബന്ധുക്കള്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷാജു ആരോപിച്ചു. ജോളിയുടെ കൂടെ ചേര്‍ക്കാന്‍ ഒരു കൂട്ടുപ്രതി വേണമെന്ന് ഇവര്‍ കരുതുന്നുണ്ടാവാമെന്നും ഷാജു ആരോപിക്കുന്നു.