കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ അവസാന ഇരയായ സിലി സെബാസ്റ്റ്യനെ(43) ഒഴിവാക്കി ജോളിയെ മരുമകളാക്കാന്‍ പൊന്നാമറ്റം സക്കറിയാസിന്റെ കുടുംബത്തില്‍ മുന്നൊരുക്കങ്ങള്‍ നടന്നതായി അയല്‍വാസിയുടെ മൊഴി.
സാന്പത്തികമായി ഇടത്തരം കുടുംബത്തില്‍നിന്നു വന്ന സിലി കൊല്ലപ്പെടുന്നതിനു വളരെ മുന്‍പുതന്നെ പുലിക്കയത്തെ പൊന്നാമറ്റം വീട്ടില്‍ നിത്യസന്ദര്‍ശകയായിരുന്ന ജോളിയെ വന്സ്വീകാര്യതയോടെയാണ് സക്കറിയാസ് മാസ്റ്ററും ഭാര്യയും വരവേറ്റിരുന്നതെന്ന് അയല്‍വാസിയായ സ്ത്രീ പോലീസിന് മൊഴിനല്‍കി. ജോളി വീട്ടില്‍ വരുമ്പോഴെല്ലാം നല്ല ഭക്ഷണം നല്‍കണമെന്ന് മാതാപിതാക്കള്‍ സിലിയെ നിര്‍ബന്ധിച്ചിരുന്നു. ഷാജുവിന്റെ മാതാപിതാക്കള്ക്കൊത്ത് ജോളി സംസാരിച്ചിരിക്കുന്പോള്‍ ഇവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി സിലി അടുക്കളയില്‍ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്.
സഹികെട്ട സിലി ഒരിക്കല്‍ സക്കറിയാസിനോട് പൊട്ടിത്തെറിച്ച് സംസാരിച്ചത് കണ്ടിട്ടുണ്ട്. സക്കറിയാസ് കസേരയില്‍ ഇരിക്കുന്പോള് നിലത്ത് കസേരയോട് ചാരിയിരുന്ന് ജോളി തമാശ പറയുന്നത് കണ്ട് “ചാച്ചായി, ഞാനാണോ, ജോളിയാണോ ഈ വീട്ടിലെ മരുമകള്‍ ‘ എന്നു സിലി പൊട്ടിക്കരഞ്ഞുകൊണ്ട് സക്കറിയാസ് മാസ്റ്ററോട് ചോദിച്ചു. അപ്പോള്‍ സക്കറിയാസിന്റെ ഭാര്യ ഫിലോമിന സിലിയെ രൂക്ഷമായി ശകാരിച്ചതും ഓര്‍മയുണ്ടെന്ന് അയല്‍വാസി മൊഴിനല്‍കി. ഷാജുവും ജോളിയും തമ്മില്‍ അടുത്തിടപഴകുന്നതിനെ സിലി പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്.
അപ്പൊഴെല്ലാം സക്കറിയാസ് മാസ്റ്ററും ഭാര്യയും ചേര്‍ന്ന് സിലിയെ ശകാരിക്കുമായിരുന്നു. ആല്‍ഫൈനെ എട്ടുമാസം ഗര്‍ഭിണിയായിരിക്കുന്പോള്‍ സിലി സ്വന്ത ഇഷ്ടപ്രകാരം ഒരു വീട്ടുവേലക്കാരിയെ ഏര്‍പ്പെടുത്തി. ഇത് ഷാജുവിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല. വസ്ത്രങ്ങള്‍ അലക്കാന്‍ വേലക്കാരി പൈപ്പില്‍നിന്ന് വെള്ളമെടുത്തപ്പോള്‍ അമ്മ ശകാരിച്ചു.
മോട്ടോര്‍ ഉപയോഗിച്ചാണ് കിണറില്‍നിന്ന് വെള്ളം ടാങ്കില്‍ നിറച്ചിരുന്നത്. കരണ്ട് ചാര്‍ജ് ആരടയ്ക്കുമെന്ന് ചോദിച്ച അമ്മ, കിണറ്റില്‍നിന്ന് വെള്ളംകോരി ഉപയോഗിക്കാന്‍ വേലക്കാരിയോട് ആക്രോശിച്ചു. പൂര്ണഗര്ഭിണിയായിരിക്കെ പൈപ്പ് വെള്ളം ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത സിലി പുലിക്കയം പുഴയിലാണ് കുളിച്ചിരുന്നതെന്നും അയല്‍വാസി പോലീസിനോടു പറഞ്ഞു.
സിലി മരിയ്ക്കുന്നതിനു വളരെമുന്‍പേതന്നെ ജോളിയ്ക്ക് പൊന്നാമറ്റം വീട്ടില്‍ സര്‍വസ്വാതന്ത്ര്യം ഉണ്ടായിരുന്നതായും ചാത്തമംഗലം എൻജിനിയറിംഗ് കോളജിലെ പ്രൊഫസറെന്നാണ് ജോളിയെ തങ്ങള്‍ക്ക് സക്കറിയാസ് മാസ്റ്റര്‍ പരിചയപ്പെടുത്തിയതെന്നും മറ്റൊരു അയല്‍വാസിയും മൊഴിനല്‍കി. സിലി മരിച്ച് ദിവസങ്ങള്‍ക്കുശേഷം ജോളിയെ ഷാജുവിന് വിവാഹം ആലോചിച്ചുതുടങ്ങിയത് സക്കറിയാസും ഭാര്യയും ചേര്‍ന്നായിരുന്നെന്നും അയല്‍വാസികളുടെ മൊഴിയിലുണ്ട്.