കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ അവസാനത്തെ ഇര കല്ലാനോട് സ്വദേശിനി സിലി സെബാസ്റ്റ്യനെ(43) കൊലപ്പെടുത്തുന്നതിനു മുൻപ് ഭ്രാന്തിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ഇയാളുടെ രണ്ടാം ഭാര്യ ജോളിയും ചേർന്ന് ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കളുടെ മൊഴി.
സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീർത്ത് സാവധാനം വകവരുത്താൻ ജോളിയും ഷാജുവും ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് അന്വേഷണസംഘത്തിനു മുന്പാകെ നൽകിയ മൊഴി.
2014 മേയ് ഒന്നിന് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയതിനെ തുടർന്ന് സിലിയുടെ മകൾ ഒന്നരവയസുകാരി ആൽഫൈൻ മേയ് മൂന്നിനാണ് മരിച്ചത്. ഓമനിച്ചു വളർത്തിക്കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത വേർപാടിൽ സിലി ഏറെ ദുഃഖിതയായിരുന്നു.
ആൽഫൈൻ കൊല്ലപ്പെടുന്നതിനു മുൻപ് സിലിക്ക് കഷായത്തിൽ സയനൈഡ് ചേർത്ത് നൽകിയെങ്കിലും അളവ് കുറവായതിനാൽ മരിച്ചില്ല. അന്ന് വായിൽനിന്ന് നുരയും പതയും വന്നത് അപസ്മാര ലക്ഷണമാണെന്ന് ഷാജു പലരോടും പറഞ്ഞിരുന്നു.
എന്നാൽ സിലിക്ക് ഒരിക്കൽപോലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചാരണം തുടർന്നു. ആൽഫൈന്റെ മരണശേഷം ഡിപ്രഷൻ കുറയ്ക്കാനുള്ള മരുന്നെന്ന പേരിൽ ജോളി ഗുളികകൾ ഷാജുവിന് എത്തിച്ചുനൽകി. കൂണിൽനിന്നുണ്ടാക്കുന്ന പ്രത്യേകതരം ഗുളികയാണെന്നാണ് ഷാജു സിലിയോടു പറഞ്ഞത്.
കുഞ്ഞ് മരിച്ചത് മൂലമുള്ള മാനസിക വിഭ്രാന്തിയും അപസ്മാരവും മാറാനെന്ന പേരിൽ ഷാജു എന്നും വൈകിട്ട് ഈ ഗുളിക സിലിക്ക് നിർബന്ധിച്ചു നൽകുമായിരുന്നു. കുറെക്കാലം കഴിച്ചപ്പോൾ സിലി ഈ മരുന്നിന് അടിമയായി. ഗുളിക കിട്ടിയില്ലെങ്കിൽ മാനസിക വിഭ്രാന്തി കാണിച്ചുതുടങ്ങി. അപ്പോഴാണ് സിലിക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളിൽ പ്രചരിപ്പിച്ചത്.
സിലിയുടെ സഹോദരൻ സിജോയുടെ ഭാര്യ കൂടത്തായി സ്കൂളിൽ അധ്യാപികയാണ്. ഒരുദിവസം കൂടത്തായി സ്കൂളിലെത്തിയ ഷാജു, “നിന്റെ നാത്തൂന് ഭ്രാന്താണ്, ചികിത്സിക്കണം, ഞാൻ മടുത്തു’ എന്ന് ഈ അധ്യാപികയോടു പറഞ്ഞു.
സിലിയുടെ മാതൃസഹോദരി കോടഞ്ചേരിയിൽ താമസിക്കുന്നുണ്ട്. ഒരുദിവസം കോടഞ്ചേരി അങ്ങാടിയിൽ ഭർത്തവുമൊത്ത് നിൽക്കുന്പോൾ ഷാജു അടുത്തെത്തി, “കുഞ്ഞമ്മെ, അവൾക്ക് ഭ്രാന്താ’ എന്നു പറഞ്ഞു. ഗുളിക കിട്ടാതെ വന്നാൽ സിലിക്ക് വിറയൽ വരുമായിരുന്നു.
സിലിക്ക് ഭ്രാന്താണെന്നു വരുത്തിതീർക്കാൻ ഷാജുവിനൊപ്പം അയാളുടെ വീട്ടുകാരും ജോളിയും പ്രചാരണം നടത്തി എന്നാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി. ഇന്നലെ പുലിക്കയത്തെ പൊന്നാമറ്റം വീട്ടിലെത്തിയ അന്വേഷണസംഘം ഷാജുവിനോട് ഗുളികയെക്കുറിച്ച് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി.
സിലിക്ക് നൽകിവന്ന ഗുളികയെക്കുറിച്ച് ജോളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.