കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിനേയും പിതാവ് സക്കറിയാസിനേയും ഇന്നും ചോദ്യം ചെയ്യും. ഏഴ് മണിക്കൂര്‍ ഇന്നലെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇവരെ കൂടാതെ ഷാജുവിന്റെ അമ്മ ഫിലോമിനയേയും ചോദ്യം ചെയ്യും.
ജോളിയുടെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിനേയും സക്കറിയാസിനേയും തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. നേരത്തെ മൂന്ന് തവണ എസ്പി ഓഫീസില്‍വച്ചും അരഡസനിലധികം തവണ വീട്ടില്‍വച്ചും ഷാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
സക്കറിയാസിനേയും ഇതേപോലെ തന്നെ ചോദ്യം ചെയ്തിരുന്നു. സിലിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും സക്കറിയാസിനേയും റുറല്‍ എസ്പി കെ.ജി.സൈമണ്‍ , തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശ ഇന്‍സ്പക്ടര്‍ ബി.കെ.സിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ 9.30ന് മുതല്‍ 4.30 വരെ ചോദ്യം ചെയ്തത്.
അതേസമയം പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയുമായി ഷാജുവിന്റെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. ഷാജുവിന്റെ മകന്, പുലിക്കയത്തെ ചില അയല്‍വാസികള്‍ എന്നിവര്‍ നേരത്തെ നല്കിയ മൊഴിയെ ആസ്പദമാക്കിയാണ് തെളിവെടുപ്പ്. ജോളി ഷാജുവിനും കുടുംബത്തിനുമെതിരെ ചില മൊഴികള്‍ നല്കിയതും ഇന്ന് പോലീസ് പരിശോധിക്കും. ഇന്നത്തെ തെളിവെടുപ്പോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലഭിച്ച തെളിവുകളില്‍ ചില വ്യക്തത കൈവരേണ്ടതുണ്ട്.
അതിനാലാണ് ഇന്ന് സക്കറിയാസിന്റെ വീട്ടില്‍ തെളിവെടുക്കുന്നത്. ജോളിയും ഷാജുവും തമ്മില്‍ വിവാഹിതരായതിനുശേഷവും ജോളി ആദ്യ ഭര്‍ത്താവിന്റെ കൂടത്തായിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ആവശ്യമെങ്കില്‍ കൂടത്തായിയിലെ വീട്ടിലും ഇന്ന് തെളിവെടുപ്പ് നടത്തും. ഷാജുവിന്റെ ആദ്യഭാര്യ സിലി കൊല്ലപ്പെട്ട കേസിലാണ് ഇന്നത്തെ തെളിവെടുപ്പ്.
കേസിന്റെ മേല്‍നോട്ട ചുമതലയുള്ള തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, അന്വേഷണ ഉദ്യോഗസ്ഥന് വടകര കോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ബി.കെ.സിജു എന്നിവരുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ്. കേസിന്റെ പുരോഗതി വിലയിരുത്താനായി ഉത്തരമേഖല ഐജി അശോക് യാദവിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ആറ് കൊലപാതക കേസുകള്‍ അന്വേഷിക്കുന്ന ആറ് ടീമിലെ അംഗങ്ങള്‍ പങ്കെടുത്തു.
കേസ് ഡയറി വിശദമായി പരിശോധിച്ച ഐജി, വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനുശേഷമെ കൂടുതല്‍ അറസ്റ്റ് നടത്താവൂവെന്ന് നിര്‍ദേശം നല്കി. ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.