റെജി ജോസഫ്
ആകെയുള്ള അഞ്ചു സെന്റ് ഭൂമിയിൽ കാഞ്ഞങ്ങാട് നെഹ്രു കോളജ് സാഹിത്യവേദി നിർമിച്ചു നൽകിയ വീട്ടിൽ ശിൽപയുണ്ട്. കാഴ്ച പൂർണമായും ചലനശേഷി ഭാഗികമായും നഷ്ടപ്പെട്ട ശില്പ.
പനയാൽ നെല്ലിയടുക്കത്തെ കെ.വി.ഗംഗാധരന്റെ മകൾ. പത്താം ക്ലാസ് പാസായശേഷം സാന്പത്തിക്ലേശവും ആരോഗ്യപ്രശ്നങ്ങളുമൂലം പഠനം നിർത്തിയ ശിൽപയ്ക്ക് ഇപ്പോൾ 22 വയസുണ്ട്.
എൻഡോസൾഫാൻ ദുരന്തം വിതച്ച ഈ ഗ്രാമത്തിൽ വൈകല്യങ്ങളില്ലാത്തവർ ഏറെ കുറവാണ്. ശിൽപയുടെ ജ്യേഷ്ഠൻ സിജിൽകുമാറിനും ബുദ്ധിപരമായ വൈകല്യമുണ്ട്.
വീടിന്റെ ചെറിയ മുറിയിൽ കാഴ്ചയുടെ ലോകം ഒരിക്കൽപോലും കാണാനാവാതെ ശിൽപ കഴിയുന്നു. മംഗലാപുരം, ബംഗളുരു, മണിപ്പാൽ എന്നിവിടങ്ങളിലായി 15 ലക്ഷം രൂപ മുടക്കി ചികിത്സ ചെയ്തിട്ടും ശിൽപയ്ക്കു കാഴ്ച കിട്ടിയില്ല.
ഇനിയൊരു ചികിത്സയിലും കാഴ്ചയ്ക്കു നേരിയ സാധ്യത പോലും നൽകുന്നില്ലെന്നു നേത്രവിദഗ്ധർ വിധിച്ചതോടെ ശിൽപ മുറിയിൽതന്നെ കഴിയുന്നു.
അച്ഛൻ ഗംഗാധരനും അമ്മ വാസന്തിയും ചേർന്നാണ് പത്താം ക്ലാസ് വരെ മകളെ വിവിധ സ്കൂളുകളിൽ എത്തിച്ച് കൂട്ടിരുന്നത്. ക്ലാസിൽ മറ്റ് കുട്ടികൾക്കൊപ്പം ശിൽപയോടൊപ്പം അമ്മയും അച്ഛനും ഇരുന്നു.
തലയ്ക്ക് അധികമായ വളർച്ചയുണ്ടായതോടെ കാഞ്ഞങ്ങാട്ട് ആയുർവേദ ചികിത്സയും നടത്തിനോക്കി. സർക്കാർ അനുവദിച്ച 1700 ആശ്വാസ പെൻഷനും 1600 രൂപ വികലാംഗപെൻഷനും മാത്രമാണ് ഏക വരുമാനം.
ആസ്തമയും അലർജിയും കലശലായ ശിൽപയ്ക്ക് മരുന്നു വാങ്ങാൻപോലും തികയുന്നില്ല സർക്കാർ പ്രഖ്യാപിച്ച സഹായം. തുച്ഛമായ തുകയാവട്ടെ എട്ടും പത്തും മാസം വരെ മുടങ്ങുന്ന സാഹചര്യവുമാണ്.
പാഴാകുന്ന പാക്കേജുകൾ
ദുരിതബാധിതരുള്ള ജില്ല എന്ന പരിഗണനയിലാണ് 2013 ൽ ബദിയഡുക്കയ്ക്കടുത്ത് ഉക്കിനടുക്കയിൽ മെഡിക്കൽ കോളജിനു തറക്കല്ലിടുന്നത്.
എട്ടു വർഷം പിന്നിടുന്പോഴും മെഡിക്കൽ കോളജിന്റെ പണി പൂർത്തിയാക്കാനായിട്ടില്ല.തറക്കല്ലിട്ടതിനു ശേഷം നിർമാണം മന്ദഗതിയിലായിരുന്നു.
സർക്കാർ ആശുപത്രികളിൽ ന്യൂറോളജിസ്റ്റ് സേവനമില്ലാതെ വലയുകയാണ് രോഗികൾ. എൻഡോസൾഫാൻ ബാധിതരായ ആയിരക്കണക്കിന് രോഗികൾ വിദഗ്ധചികിത്സ തേടി അയൽസംസ്ഥാനമായ കർണാടകത്തെ ആശ്രയിക്കുകയാണ്.
എൻഡോസൾഫാൻ ബാധിതരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സർക്കാർ ആവിഷ്കരിച്ച പദ്ധതികളേറെയും ഫലപ്രാപ്തിയിലെത്തിയില്ല.
കോവിഡ് മഹാമാരി വന്നതോടെ ഒരുതരത്തിലുള്ള ആശ്വാസവും ഈ നിസഹായർക്കു ലഭിക്കുന്നില്ല.
എൻഡോസൾഫാൻ ബാധിതർക്ക് മാത്രമായി പതിനൊന്നു പഞ്ചായത്തുകളിൽ പ്രവർത്തിച്ചിരുന്ന ബഡ്സ് സ്കൂളുകൾ കോവിഡിനുശേഷം പ്രവർത്തനം നിലച്ചിരിക്കുന്നു. കാസർഗോഡ് വികസന പാക്കേജിൽ രണ്ടു കോടി രൂപ അനുവദിച്ച എൻമകജെ ബഡ്സ് സ്കൂൾ നിർമാണം സ്ഥലപരിമിതി മൂലം നടപ്പായില്ല.
ബെള്ളൂരിൽ ഒന്നര കോടി രൂപ ചെലവിൽ പണിത ബഡ്സ് സ്കൂൾ കെട്ടിടം ഇന്നെവരെ തുറന്ന് കൊടുത്തിട്ടില്ല. മുളിയാർ പഞ്ചായത്തിൽ ഉപേക്ഷിച്ച പഴയ കമ്യൂണിറ്റി ഹാളിലായിരുന്നു ബഡ്സ് സ്കൂളിന്റെ പ്രവർത്തനം.
ഒരു ഹാൾ അഞ്ചായി തിരിച്ചാണ് ക്ലാസുകൾ നടത്തിയിരുന്നത്. കുട്ടികൾക്കു ഭക്ഷണം പാകം ചെയ്യുന്നതിന് പോലും സൗകര്യമില്ല. ആകെയുള്ള ഒരു ശുചിമുറിക്ക് സുരക്ഷിത വാതിലുമില്ല.
കാറഡുക്കയിൽ പരമാവധി ഇരുപത് പേർക്ക് ഇരിക്കാവുന്നിടത്ത് പഠിക്കുന്നത് അന്പത് കുട്ടികൾ. മറ്റിടങ്ങളിലേയും അവസ്ഥ സമാനമാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പുതിയ കെട്ടിടങ്ങൾ തുറന്നു കൊടുക്കാനുമാകുന്നില്ല.
ദുരിത ബാധിതർക്ക് അഞ്ചര കോടി രൂപ ചെലവിൽ പണിത വീടുകൾ കാടുകയറി നശിക്കുന്നു. ഇരിയയിൽ 23 വീടുകളും എൻമകജെയിൽ 36 വീടുകളുമാണ് നശിക്കുന്നത്.
എൻമകജെയിൽ വീട് നിർമാണം പൂർത്തിയായിട്ട് രണ്ടു വർഷം കഴിഞ്ഞശേഷവും വീടുകളിലേക്കുള്ള റോഡ് നിർമാണം പൂർത്തിയായിട്ടില്ല.