ആലപ്പുഴ: കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പാക്കിയ മെഗാ ടൂറിസം പദ്ധതി ഭാഗമായി ആലപ്പുഴ നഗരത്തിലെ വാടക്കനാലോരത്ത് നിർമിച്ച ശിൽപങ്ങൾ പുറംലോകം കാണാതെ നശിക്കുന്നു. നഗരസഭാ ബസ് സ്റ്റാൻഡിന് മുന്നിൽ തുടങ്ങി ബാപ്പു വൈദ്യർ ജംഗ്ഷന് തെക്കുവശം വരെയുള്ള ഭാഗങ്ങളിലായി വിവിധയിടങ്ങളിൽ നിർമാണം പൂർത്തിയാക്കിയ കോണ്ക്രീറ്റ് ശില്പങ്ങളാണ് കാടുകയറി നശിക്കുന്നത്.
കനാൽ തീരത്ത് ഭിത്തി നിർമിച്ച് അതിലാണ് കേരളീയ പാരന്പര്യവും തനിമയുമുൾക്കൊള്ളുന്ന ശില്പങ്ങൾ നിർമിച്ചത്. വർഷങ്ങൾക്ക് മുന്പ് ശില്പനിർമാണം പൂർത്തിയാക്കിയെങ്കിലും ഒൗദ്യോഗികമായ ഉദ്ഘാടനം നടക്കാത്തതിനാൽ ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ നിർമാണം പൂർത്തിയാക്കിയ ശില്പം നാലുവശവും ഷീറ്റുകളുപയോഗിച്ച് മറച്ച നിലയിലാണ്. നിലവിൽ ഈ മറയുടെ മുകളിൽ വള്ളികൾ പിടിച്ച് ശില്പം പുറമേ കാണാനാവാത്ത അവസ്ഥയിലുമായി.
കനാലിലൂടെ സഞ്ചരിച്ചാൽ മാത്രം കൃത്യമായി കാണാൻ കഴിയുന്ന തരത്തിലാണ് ഈ ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ആഴക്കുറവിനൊപ്പം പോളയും മാലിന്യങ്ങളും തിങ്ങിയ കനാലിൽ സമീപകാലത്തൊന്നും ജലയാനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശില്പങ്ങൾ ആർക്കുവേണ്ടിയാണ് നിർമിച്ചതെന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്.
നേരത്തെ കനാൽക്കരയിൽ സ്ഥാപിച്ച ശിൽപങ്ങൾ സംരക്ഷിക്കുന്നതിന് തയാറാകാതെയാണ് പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി വിനോദസഞ്ചാര വികസനത്തിനെന്ന പേരിൽ ഇത്തരത്തിൽ ശില്പങ്ങൾ സ്ഥാപിച്ചതെന്നും ആക്ഷേപമുണ്ട്. അടിയന്തിരമായി അധികൃതർ ഇടപെട്ട് നിർമാണം പൂർത്തിയാക്കിയ ശിലപങ്ങൾ അനാശ്ചാദനം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.