ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: ശില്പിയും മക്കളും ഇവിടെ ശില്പ നിർമ്മാണതിരക്കുകളിലാണ്. പപ്പായെ തനിച്ചാക്കി കളികൂട്ടങ്ങളിലേക്ക് വഴിമാറാനൊന്നും ഈ കുഞ്ഞുമക്കൾക്കാവില്ല.
മരകഷ്ണങ്ങൾ ഉരകടലാസിട്ട് മിനുസപ്പെടുത്താനും പോളിഷിംഗിനും ചില്ലറ ആശാരി പണികൾക്കും മക്കളും ഭാര്യ ഷീനയുമുണ്ടാകും.
ശില്പങ്ങൾക്കെല്ലാം അഴകേകുന്നതിൽ ഈ കുരുന്നുകൾക്കുള്ള പങ്കും ചെറുതല്ല. ശില്പി തോണിപ്പാറ ജോബിനും മക്കളുമാണിത്.
പൊൻകണ്ടത്ത് ഇവർ വാടകക്ക് താമസിക്കുന്ന വീടിന്റെ ഏത് മുക്കും മൂലയും ഇപ്പോൾ വിവിധ ശില്പങ്ങൾക്കായുള്ള പണിപ്പുരകളാണ്. എവിടേക്ക് തിരിഞ്ഞാലും പണിയായുധങ്ങളും മരകക്ഷണങ്ങളും വിസ്മയ ശില്പങ്ങളും മാത്രം.
വീടിനു പുറകിലെ വീതി കുറഞ്ഞ വരാന്തയാണ് പ്രധാന പണിശാല. ജോബിൻ പണിപ്പുരയിലെത്തിയാൽ പിന്നാലെ മൂന്ന് മക്കളും ഒപ്പം കൂടും.
എട്ട് വയസുകാരൻ ആരോണ്‍, അഞ്ചു വയസിനോടടുക്കുന്ന ജിയോണ്‍, രണ്ട് വയസുകാരൻ ഡിയോണ്‍.
നാനോ ശില്പ നിർമ്മാണത്തിലാണ് ജോബിനു കൂടുതൽ നൈപുണ്യം. മരം കൊണ്ടുള്ള ഗണപതി രൂപവും അത് തൂക്കിയിടുന്ന മര ചങ്ങലയുമാണ് ജോബിന്റെ മാസ്റ്റർ പീസ്.
ചങ്ങല കണ്ണികൾപ്പോലെയാണ് ഈ മരചെയിനും. ഈശോയുടെ രൂപങ്ങൾ, ദേവാലയങ്ങളിലേക്കുള്ള അൾത്താര കുരിശ് (ഇരുഭാഗവും ഒരുപ്പോലെ വരുന്ന മാർത്തോമ കുരിശ്), മരപലകകളിൽ കൊത്തിയെടുക്കുന്ന കുരിശ്ശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ തുടങ്ങി കരവിരുതിന്റെ അതിശയ കാഴ്ചകളാണ് എല്ലാം.
ദേവാലയങ്ങളിലെ അൾത്താരകൾ, ബലിപീഠങ്ങൾ തുടങ്ങിയവയെല്ലാം അതി മനോഹരമായി ജോബിൻ മരത്തിൽ കൊത്തിമിനുക്കിയെടുക്കും.
പണികൾക്കായി മരവും കൊത്തുളിയും കയിലെടുക്കുന്പോൾ തന്നെ അതിൽ രൂപം കൊള്ളേണ്ട ശില്പം ജോബിന്റെ മനസിൽ തെളിയും.
വീട്ടുപണികളെല്ലാം കഴിഞ്ഞ് ശില്പ നിർമ്മാണത്തിന് ഭാര്യ ഷീന സഹായിക്കും. ഭക്ഷണമോ വിശ്രമമോ ഒന്നും ജോബിനു പ്രശ്നമല്ല. തൊഴിലിലിലെ പെർഫെക്ഷനാണ് മുഖ്യം.
റിസ്ക് കൂടിയ ശില്പ നിർമ്മാണങ്ങളെല്ലാം കൂടുതലും രാത്രിയിലാണ് ചെയ്യുക.
ഫർണീച്ചർ വർക്കുകളിലും ജോബിൻ ടച്ച് ശ്രദ്ധേയമാണ്. മര വേരുകളിലും 37 കാരനായ ജോബിൻ ശില്പ കൗതുകങ്ങൾ തീർക്കും. ഈ പ്രായത്തിനുള്ളിൽ തന്നെ ജോബിൻ എത്തിപ്പെട്ട തൊഴിൽ മേഖലകളും നിരവധിയുണ്ട്.
ഡ്രൈവർ, മേയ്സണ്‍ പണി, തെങ്ങ് കയറ്റം, കാട് വെട്ടൽ, വെൽഡിംഗ്, പെയിന്റിംഗ്, അലുമിനിയം ഫാബ്രിക്കേഷൻ, സൂപ്പർമാർക്കറ്റ് ജീവനക്കാരൻ തുടങ്ങി സർവ്വകലാവല്ലഭൻ എന്നൊക്കെ പറയുന്നതുപോലെയാണ് ജോബിന്റെ തൊഴിൽ വൈദഗ്ദ്ധ്യങ്ങൾ.
ഇടുക്കി കട്ടപ്പനയിൽ നിന്നും 32 വർഷം മുന്‍പാണ് ജോബിന്റെ അച്ചാച്ചൻ തോമസും (തങ്കമണി കൊച്ചേട്ടൻ) അമ്മ സിസിലിയാമ്മയും മക്കളുമായി കടപ്പാറ മേമല എന്ന മലയിലെത്തുന്നത്.
ശില്പകലയിൽ അക്കാദമിക് പഠനങ്ങളിലെങ്കിലും കരവിരുതിലെ ആശാൻ തന്നെയാണ് അച്ചാച്ചൻ തോമസും.
അമ്മ സിസിലിയാമ്മയുടെ സഹോദരൻ വിൽസനാണ് ശില്പ നിർമ്മാണത്തിലെ ജോബിന്റെ ആദ്യ ഗുരു. ഇടുക്കിയിലുള്ള മാതൃസഹോദരൻ വിൽസനും അറിയപ്പെടുന്ന ശില്പിയാണ്.
അമ്മാവന്റെ പരിചയക്കാരനും പ്രമുഖ ശില്പിയുമായ എറണാംകുളം കുന്പള സ്വദേശിയായ ശില്പി രാധാകൃഷ്ണനിൽ നിന്നാണ് ശില്പ നിർമ്മാണത്തിന്റെ ഉന്നത പഠനങ്ങൾ ജോബിൻ സ്വായത്തമാക്കുന്നത്. ഓർഡർ അനുസരിച്ചാണ്് ഇപ്പോൾ വർക്കുകൾ ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നത്.
കടപ്പാറ സെന്റ് മേരീസ് പള്ളിയിൽ മാറി വന്ന വികാരിയച്ചൻമാരെല്ലാം ജോബിന്റെ കഴിവുകളും യോഗ്യതയും തിരിച്ചറിഞ്ഞ് പ്രോസാഹിപ്പിച്ചതോടെ ജോബിൻനെ തേടി നിരവധി ആവശ്യക്കാരും എത്താൻ തുടങ്ങി.
കടപ്പാറ പള്ളി വികാരിയായിരുന്ന ഫാ.സുമേഷ് നാല്പതാംകളം വഴി ഒറ്റപ്പാലത്തിനടുത്ത് കൂനത്തറ പള്ളിയിലെ അൾത്താരയും ബലിപീഠവും നിർമ്മിച്ചത് ഏറെ പ്രശംസ നേടി തന്നെന്ന് ജോബിൻ പറഞ്ഞു.
ഇപ്പോഴത്തെ വികാരിയച്ചൻ ഫാ.ജിനോ പുരമഠത്തിലിന്റെ പ്രോത്സാഹനങ്ങളും സഹായങ്ങളും വിലമതിക്കാനാവാത്തതാണെന്ന് ജോബിൻ പറയുന്നു.