സിജോ പൈനാടത്ത്
കൊച്ചി: ഓർമയില്ലേ മുപ്പതു വെള്ളിക്കാശ്? ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു യൂദാസിനു കിട്ടിയ പ്രതിഫലം! റോമാ സാമ്രാജ്യത്തിൽ വിനിമയത്തിലുണ്ടായിരുന്ന വെള്ളിനാണയം മുപ്പതെണ്ണം സമാഹരിച്ചു സൂക്ഷിക്കൊന്നാരാൾ ഇവിടെയുണ്ട്. റോമൻ രാജാക്കൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള മുപ്പതു വെള്ളിനാണയങ്ങൾ അങ്കമാലിക്കടുത്തു മൂക്കന്നൂർ സ്വദേശിയായ എം.വി. ചെറിയാന്റെ അപൂർവശേഖരങ്ങളിൽ അമൂല്യസൂക്ഷിപ്പാണ്.
ബിസി 40 മുതൽ എഡി 34 വരെ ഉപയോഗത്തിലുണ്ടായിരുന്ന വെള്ളിനാണയങ്ങളാണിതെന്നു ചെറിയാൻ പറയുന്നു. ട്രിബ്യൂട്ട് പെന്നി എന്നു വിളിക്കുന്ന ദനാറയാണു വെള്ളിനാണയങ്ങളായി അന്നു വിനിമയം ചെയ്തിരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. റോമാ രാജാക്ക·ാരായിരുന്ന ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, ഗ്ലാഡിയസ് സീസർ, നീറോ തുടങ്ങിയവരുടെ ചിത്രങ്ങളാണിതിൽ ആലേഖനം ചെയ്തിട്ടുള്ളത്. അഞ്ചു പതിറ്റാണ്ടിലധികമായി പുരാവസ്തുക്കളും പ്രാചീന നാണയങ്ങളും സമാഹരിക്കുന്നതിൽ വ്യാപൃതനായ ചെറിയാൻ, ഇരുപതുവർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണു വെള്ളിനാണയങ്ങളുടെ എണ്ണം മുപ്പതിലെത്തിച്ചത്. മുസിരിസ് ഉൾപ്പടെ വിദേശികളെത്തിയ കേരളത്തിലെ പ്രാചീന വാണിജ്യമേഖലകളിൽ നിന്നാണു നാണയങ്ങൾ കണ്ടെത്തിയതെന്നും ചെറിയാൻ വ്യക്തമാക്കുന്നു.
യേശുവിന്റെ കാലഘട്ടത്തിൽ ഒരു അടിമയുടെ വിലയാണ് അന്നത്തെ മുപ്പതു വെള്ളിനാണയങ്ങളെന്നു ബൈബിൾ പണ്ഡിതനായ റവ.ഡോ. മൈക്കിൾ കാരിമറ്റം പറയുന്നു. പഴയനിയമത്തിലെ സക്കറിയായുടെ ഗ്രന്ഥത്തിൽ ഇതിന്റെ സൂചനയുണ്ട്. എന്നാൽ യൂദാസിനു നൽകിയ വെള്ളിനാണയം ദനാറയാണെന്നതിനു പൂർണമായ സ്ഥിരീകരണമില്ല. നാലു ദനാറയാണ് ഒരു വെള്ളിനാണയത്തിന്റെ മൂല്യമെന്നു പഠിപ്പിക്കുന്ന ചരിത്രഗ്രന്ഥങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എഴുപത്തിരണ്ടുകാരനായ ചെറിയാന് 1960 മുതൽ പുരാവസ്തുക്കൾ ശേഖരിക്കുന്നതു ജീവിതത്തിന്റെ ഭാഗമാണ്. സാന്പത്തികപ്രശ്നം മൂലം ഹൈസ്കൂൾ പഠനം പൂർത്തിയാക്കാനാവാതിരുന്ന ചെറിയാൻ തുടർന്നു സ്വന്തമായി പഠനങ്ങളിലായിരുന്നു. ചരിത്രാന്വേഷണത്തോടുള്ള കൗതുകവും ആവേശവും ചെറുപ്പത്തിൽ തന്നെ മനസു കീഴടക്കി. സിഎസ്ടി സന്യാസ സമൂഹത്തിലെ ബ്രദർ ഗബ്രിയേൽ തോട്ടുപുറം ഇക്കാര്യത്തിൽ തനിക്കു ഗുരുവായിരുന്നുവെന്നു ചെറിയാൻ അഭിമാനത്തോടെ പറയുന്നു.
തിരുവിതാകൂർ രാജ്യത്തെ അര, കാൽ, രൂപ, അണ, ചക്രം, ബ്രീട്ടീഷ് ഭരണകാലത്തെ നാണയങ്ങൾ, വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള 1867 ലെ മുദ്രപത്രങ്ങൾ, 1905 ൽ അച്ചടിച്ച് ബൈബിൾ, 1913 ൽ പുറത്തിറങ്ങിയ കളപ്പുരയ്ക്കൽ അന്ത്രയോസ് കത്തനാരുടെ സുറിയാനി മൂലപാഠ ഗ്രന്ഥം, പ്രാചീന ചികിത്സാവിധികളടങ്ങിയ അപൂർവഗ്രന്ഥങ്ങൾ, രത്നങ്ങൾ, ടിപ്പുവിന്റെ പടയാളികൾ ഉപയോഗിച്ച വാൾ…. ഇതെല്ലാം ചെറിയാന്റെ ശേഖരത്തിലുണ്ട്.
നാൽപതു വർഷമായുള്ള എൻഫീൽഡിലാണ് ഇദ്ദേഹത്തിന്റെ യാത്രകളേറെയും. കൃഷിയിലും ഇദ്ദേഹം സജീവമാണ്. കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡന്റായിരുന്ന ഇദ്ദേഹം വിദ്യാലയങ്ങളിലും മറ്റുമായി സെമിനാറുകളും എക്സിബിഷനുകളും നടത്തുന്നുണ്ട്. ചരിത്രാഭിമുഖ്യമുള്ളവരെത്തുന്പോൾ മുപ്പതു വെള്ളിക്കാശുൾപ്പടെ തന്റെ ശേഖരത്തിലെ അമൂല്യസൂക്ഷിപ്പുകളെക്കുറിച്ചു വിശദീകരിക്കാൻ ചെറിയാനു മടിയില്ല.