വടക്കഞ്ചേരി: സിൽവർ ലൈനിനു വേണ്ടി വാദിക്കുന്നവർ 12 വർഷം മുന്പ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിനു വേണ്ടി ഭൂമി വിട്ടു കൊടുത്തവരുടെ സങ്കടം ഒരിക്കൽ കൂടി കേൾക്കുന്നത് നന്നാകും.
വിപണി വിലയുടെ പല ഇരട്ടി വില നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭൂമി ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയത് സെന്റിന് വെറും 26,000 രൂപ മാത്രം.
വിപണി വില നാല് ലക്ഷം രൂപ വരെയുള്ളപ്പോഴായിരുന്നു ഇതെന്ന് പാത വികസനത്തിനായി 46 സെന്റ് സ്ഥലം വിട്ടുകൊടുത്ത ചുവട്ടുപാടത്തെ അയപ്പിള്ളിൽ ബാബു പറഞ്ഞു.
ദേശീയപാതയോരത്തെ ഭൂമിക്കാണ് ഈ നക്കാപ്പിച്ച പണം നല്കി ഭൂവുടമകളെ പറ്റിച്ചത്. 46 സെന്റ് ഭൂമി വിട്ടുകൊടുത്ത് കിട്ടിയ പണം കൊണ്ട് സമാന സ്വഭാവമുള്ള നാല് സെന്റ് ഭൂമി പോലും വാങ്ങാൻ കഴിഞ്ഞില്ല.
ഉള്ള ഭൂമിയും നഷ്ടപ്പെട്ടു മതിയായ പണവും കിട്ടിയില്ല എന്ന സ്ഥിതിയിൽ ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ് ബാബുവിനെപോലെ പാതയോരത്തെ നിരവധി കുടുംബങ്ങൾ.
നാടിന്റെ വികസനത്തിനായി ത്യാഗം ചെയ്തവർക്ക് അധികൃതർ നല്കിയ പ്രതിഫലം വളരെ കടുത്തതായി പോയി. 1997 രജിസ്റ്റർ ചെയ്തിട്ടുള്ള പ്രദേശത്തെ ആധാരത്തിൽ തന്നെ സെന്റിന് 60,000 രൂപ വില കണക്കാക്കുന്നുണ്ട്.
പാത വികസനത്തിനായി 46 സെൻറ് സ്ഥലം വിട്ടുകൊടുത്ത് ശേഷിക്കുന്ന ഏഴര സെന്റ് സ്ഥലവും ഇപ്പോൾ ബാബുവിന് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്.
സർവീസ് റോഡിനോട് ചേർന്നാണ് ശേഷിക്കുന്ന സ്ഥലമുള്ളത്. ഇതിൽ നിർമ്മാണ പ്രവർത്തികൾക്കോ മരങ്ങൾ വളർത്തുന്നതിനോ അനുമതിയില്ല.
ചീര, വെണ്ട, പച്ചമുളക് തുടങ്ങിയ ചെറു ചെടികൾ വേണമെങ്കിൽ നട്ടുവളർത്താം. പൂവിന് നിലത്ത് പടരുന്ന പത്ത് മണി ചെടി നടാം.
വീടോ മറ്റു കെട്ടിടങ്ങളോ നിർമിക്കണമെങ്കിൽ ഏഴ് മീറ്റർ പുറകോട്ട് മാറി മാത്രമെ പാടുള്ളു. അതായത് ദേശീയ പാതയുടെ ബഫർസോണ് ഏരിയയായി ഏറ്റെടുക്കാത്ത ഭൂമിയും ഭൂവുടമകൾ തരിശിടണമെന്നർഥം.
ദേശീയപാതകൾക്ക് ഇങ്ങനെയെങ്കിൽ പിന്നെ അതിവേഗ ട്രെയിൻ കടന്നു പോകുന്ന റെയിലുകളുടെ ഇരുഭാഗത്തും ഏറെ വീതിയിൽ ഒഴിച്ചിടേണ്ടി വരുമെന്നതിൽ വലിയ വിദഗ്ദ്ധാഭിപ്രായമൊന്നും ആവശ്യമില്ല.
ഇവിടെ ബാബുവിന്റെ കാര്യത്തിൽ ഏഴര സെന്റിൽ ഏഴ് മീറ്റർ പുറകോട്ട് മാറിയാൽ പിന്നെ മൂന്ന് സെന്റ് സ്ഥലമെ ബാക്കിയുള്ളു.
അതുതന്നെ ഒരു സ്ഥലത്ത് വീതി കൂടുതലും മറുഭാഗത്ത് തീരെ വീതിയില്ലാതെ വാലുപോലെയുള്ള സ്ഥലവുമാണ്. ഇതിനിടയിലൂടെ ഭൂഗർഭ വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്.
അതുമല്ലാതെ മറ്റൊരു കടന്പ കൂടിയുണ്ട്. മറുഭാഗത്ത് പഴയ റോഡാണ്. എല്ലാറ്റിന്റെയും നടുവിൽപ്പെട്ട് കുടുങ്ങിയിരിക്കുകയാണ് ബാബുവിനെപോലെ ഇവിടുത്തെ പല വീട്ടുകാരും.
ദേശീയപാതയോരത്ത് അര ഏക്കറിലേറെ ഭൂമിയുണ്ടായിരുന്ന ബാബു ഇപ്പോഴും ഇടക്കിടെ പഴയ ഫയലുകളെല്ലാം മറിച്ചുനോക്കി സങ്കടം പങ്കുവയ്ക്കും.
താൻ വിട്ടുകൊടുത്ത സ്ഥലത്തു കൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്പോൾ ദേശീയപാതയിലേക്ക് നോക്കി ബാബു താടിക്ക് കൈ വെച്ച് കഷ്ടത വന്ന വഴി ഓർക്കും. ഇവരുടെയൊക്കെ സങ്കടം ഇനി ആരു കേൾക്കാൻ.
റോഡ് പണി ഒരു പതിറ്റാണ്ടിലേറെ നീണ്ടുപോയപ്പോൾ അതിന്റെ ദുരിതങ്ങളും കഠിനതരമായിരുന്നു. വീടുകളെല്ലാം പൊടിയിൽ മുങ്ങി വീർപ്പുമുട്ടി അനുഭവിച്ചു തീർത്ത വർഷങ്ങൾ ഓർക്കുന്പോൾ തന്നെ ഇവർ അസ്വസ്ഥരാവുകയാണ്.
വീടുകളിലെ പലരും നിത്യരോഗികളായി മാറി. വികസനത്തിന്റെ സുഖം കുറച്ചുപേർ മാത്രം അനുഭവിക്കുന്പോൾ അതിന്റെ പിന്നാന്പുറങ്ങളിൽ നിരവധി ദൈന്യതയുടെ കഥകളുണ്ടെന്ന് ബാബു പറയുന്നു.
ദേശീയപാതയോരത്ത് സെന്റിന് വിപണി വില ഇപ്പോൾ അഞ്ചു ലക്ഷത്തിൽ കൂടുതൽ ഉള്ളപ്പോഴും തൊട്ടടുത്ത് കണ്ണന്പ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നത് സെന്റിന് ഒരു ലക്ഷത്തിനാല്പത്തി മൂന്നായിരം രൂപക്കാണ്.
വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്പോഴും അധികൃതർ പറഞ്ഞത് വിപണി വിലയുടെ പല ഇരട്ടി കൂടുതൽ നൽകും എന്നൊക്കെ തന്നെയാണ്.
ഏക്കർ കണക്കിന് ഭൂമിയുള്ളവർക്ക് ഭൂമി ഒന്നിച്ചു ഏറ്റെടുക്കുന്നത് ലാാഭകരമാകാം.എന്നാൽ കുറഞ്ഞ സെൻറ് ഭൂമിയുള്ളവർക്ക് തുടർന്നുള്ള ജീവിതം തന്നെ ദുരിതത്തിലാക്കും.
എല്ലാ സൗകര്യങ്ങളുമായി പൂർവികമായി താമസിച്ചുവരുന്ന സ്ഥലം ഉപേക്ഷിച്ച് അതുപോലെയുള്ള മറ്റൊരു സ്ഥലം കണ്ടെത്തുക പ്രയാസകരമായിരിക്കുമെന്ന് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നവർ മനസിലാക്കുന്നില്ലെന്ന് ഇവർ പറയുന്നു.