തിരുവനന്തപുരം: സിപിഎമ്മിൽ ചർച്ച ചെയ്ത ശേഷം സിൽവർലൈനിന് ബദലായുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സാധ്യതകൾ തെളിയുന്നു.
സിൽവർ ലൈനിന് ബദലായി ഇ.ശ്രീധരൻ മുന്നോട്ട് വച്ച പദ്ധതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലാണുള്ളത്. റിപ്പോർട്ടിലെ വിവരങ്ങൾ ഉൾപ്പെടെ സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ചർച്ചയ്ക്ക് വച്ച ശേഷമാകും തുടർ നടപടികൾ.
ഇ.ശ്രീധരൻ മുന്നോട്ട് വച്ച നിർദേശങ്ങൾ അടങ്ങിയ പുതിയ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാൽ ഇത് ലഭിക്കണമെങ്കിൽ സിൽവർലൈനുമായി ബന്ധപ്പെട്ട് നിലവിൽ കേന്ദ്രത്തിന് മുന്നിലുള്ള ഡിപിആർ കേന്ദ്രസർക്കാർ തള്ളുകയോ ഭേദഗതി നിർദേശിക്കുകയോ ചെയ്യണം.
അതല്ലെങ്കിൽ ശ്രീധരന്റെ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ച് കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണം. ഇ.ശ്രീധരൻ മുന്നോട്ട് വച്ച ആശയം സംസ്ഥാന ബിജെപി നേതൃത്വം സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാൽ കോണ്ഗ്രസ് ഈ പദ്ധതിയെ എതിർക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ഡൽഹിയിൽ പ്രവർത്തിക്കുന്ന കെ.വി.തോമസ് ബിജെപി- സിപിഎം ബന്ധത്തിനുള്ള പാലമായി പ്രവർത്തിക്കുകയാണെന്നും കോണ്ഗ്രസിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് കെ.വി. തോമസ് ഇ.ശ്രീധരനുമായി ചർച്ച നടത്തി ബദൽ പദ്ധതി റിപ്പോർട്ട് ഏറ്റുവാങ്ങിയത്. ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലാണുള്ളത്.
റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ഇതുവരെ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും പിന്തുണയോടെ റെയിൽ പദ്ധതി നടപ്പാക്കാമെന്ന നിലപാടിലാണ് സർക്കാർ. പദ്ധതി ചെലവിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാരിൽ നിന്നും നേടിയെടുക്കാമെന്ന കണക്കുകൂട്ടലും സർക്കാരിനുണ്ട്.