തിരുവനന്തപുരം: ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിച്ച പദ്ധതിയല്ല സിൽവർ ലൈൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വൻഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണെന്നും പാർട്ടിമുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ആരോപിച്ചു.
ഇഎംഎസ് സർക്കാരിനെ വീഴ്ത്താൻ വിമോചന സമരം നടത്തിയതുപോലെ എൽഡിഎഫ് സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ് മുതൽ ബിജെപി വരേയും ആർഎസ്എസ് മുതൽ ജമാ അത്തെ ഇസ്ലാമി വരേയും കൈകോർക്കുകയാണ്.
ക്ഷേമകാര്യങ്ങൾക്കൊപ്പം വികസനകാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലൂടെ ജനങ്ങൾക്കു മുന്നിൽവച്ച് അംഗീകാരം നേടിയ വികസന പദ്ധതിയാണെന്നും കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറയുന്നു.
ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സെമി ഹൈസ്പീഡ് പദ്ധതിയായ സിൽവർ ലൈനിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്.
വിശദപദ്ധതി രേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം രേഖ വരുന്നതിനു മുന്പേ പദ്ധതിയെ തള്ളിപ്പറയുന്നത് എന്തിനാണെന്നും കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ ചോദിക്കുന്നു.